ഗജവീരന്മാര്‍ക്ക് കരുത്ത് പകര്‍ന്ന് ഊട്ട്

തൃശൂര്‍: ആവേശവും ആരാധനയും നിറഞ്ഞ തെളിഞ്ഞ പകലില്‍ പാരമ്പര്യവും ആചാരവും ഒത്തുചേര്‍ന്ന വടക്കുന്നാഥ ക്ഷേത്ര വളപ്പില്‍ നൂറുകണക്കിന് ആന പ്രേമികളും ഭക്തരും ചേര്‍ന്ന് കരിവീരന്മാരെ ഊട്ടി. 52 കൊമ്പന്മാരാണ് ഊട്ടിനത്തെിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത മഴ മാറി നിന്നത് അനുഗ്രഹമായി. ഒമ്പതോടെ ആരംഭിച്ച ചടങ്ങ് വീക്ഷിക്കാനും പങ്കെടുക്കാനും എത്തിയ സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ളവരുടെ വരി ക്ഷേത്രമതില്‍കെട്ടിന് പുറത്തേക്ക് നീണ്ടു. അവില്‍, കരിമ്പ്, കക്കരി, കൈതച്ചക്ക, ചോറ് എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകളെ ഊട്ടിയത്. ആനകളെ പ്രത്യേകം ബാരിക്കേഡ് കെട്ടിത്തിരിച്ച് നിര്‍ത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഊട്ട്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു അഷ്ടദ്രവ്യ മഹാഗണപതി ഹോമം. അമ്പതോളം തിരുമേനിമാര്‍ പരികര്‍മികളായി. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയുമുണ്ടായിരുന്നു. കരിവീരന്മാരുടെ വയര്‍ നിറച്ച് നിറഞ്ഞ മനസ്സോടെയാണ് ഭക്തര്‍ മടങ്ങിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി പൊലീസും മയക്കുവെടി വിദഗ്ധരുമടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രവാസി വ്യവസായികളായ സി.കെ. മേനോന്‍, ഡോ.ടി.എ. സുന്ദര്‍മേനോന്‍, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, രാവുണ്ണി, മഹേഷ്, കോഓഡിനേറ്റര്‍ പ്രഫ.എം. മാധവന്‍കുട്ടി, ക്ഷേത്രക്ഷേമസമിതി സെക്രട്ടറി സി. വിജയന്‍, വടക്കുന്നാഥ ക്ഷേത്രം മാനേജര്‍ എം.ജി. ജഗദീഷ്, കണ്‍വീനര്‍ എം.ജി. രഘുനാഥ്, ജോ. കണ്‍വീനര്‍മാരായ അരുണ്‍ കോട്ടപ്പുറം, പി.ജി. ജയദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.