വനിതാ കൗണ്‍സിലര്‍മാര്‍ക്കുനേരെ പൊലീസ് കൈയേറ്റം: കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ഗുരുവായൂര്‍: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം സ്തംഭിച്ചു. വനിതാ കൗണ്‍സിലര്‍മാരെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ മേല്‍പാലത്തിന് ബജറ്റില്‍ 25 കോടി വകയിരുത്തിയ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കാന്‍ തുടങ്ങി. റോഡുകള്‍ ഗതാഗതയോഗ്യമാക്കാത്ത വിഷയത്തില്‍ യു.ഡി.എഫ് സ്ഥലം തെറ്റി ദേവസ്വം റോഡില്‍ സമരം ചെയ്തതിനെ പരിഹസിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ യു.ഡി.എഫ് പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ, ഉപാധ്യക്ഷന്‍ കെ.പി. വിനോദ് പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചുതുടങ്ങി. ഈ സമയത്തുതന്നെ കൗണ്‍സിലര്‍മാരെ പൊലീസ് കൈയേറ്റം ചെയ്ത വിഷയത്തില്‍ കോണ്‍ഗ്രസ് അംഗം പ്രിയ രാജേന്ദ്രന്‍ അടിയന്തര പ്രമേയ അവതരണം ആരംഭിച്ചു. എന്നാല്‍, അധ്യക്ഷയുടെ അനുമതിയില്ലാതെ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ടി.ടി. ശിവദാസന്‍, ടി.എസ്. ഷെനില്‍, ഹബീബ് നാറാണത്ത്, അഭിലാഷ് വി. ചന്ദ്രന്‍, സ്വരാജ് താഴിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ എഴുന്നേറ്റു. അതോടെ ചെയര്‍പേഴ്സണ്‍ മാപ്പു പറയുക എന്നെഴുതിയ ബാനറുമായി ആന്‍േറാ തോമസ്, റഷീദ് കുന്നിക്കല്‍, എ.ടി. ഹംസ, ബഷീര്‍ പൂക്കോട്, ഷൈലജ ദേവന്‍, ടി.കെ. വിനോദ്, എ.പി. ബാബു, ജോയ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ചിലര്‍ ചെയര്‍മാന്‍െറ വേദിയിലേക്ക് കയറുകയും ചെയ്തു. ഇതോടെ അജണ്ടകളെല്ലാം അംഗീകരിച്ചതായി പ്രഖ്യാപിച്ച് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കൗണ്‍സില്‍ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ എത്തുംമുമ്പ് കൗണ്‍സില്‍ ആരംഭിച്ചതും ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കൗണ്‍സില്‍ പിരിച്ചുവിട്ടതും ഏകാധിപത്യപരമായ നടപടിയാണെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ആന്‍േറാ തോമസ് പിന്നീട് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.