നടത്തറയിലെ പാറമടകള്‍ തുറക്കാന്‍ ഒരുങ്ങുന്നു; ഉത്തരവുമായി കലക്ടര്‍

തൃശൂര്‍: വനഭൂമിയിലെന്ന് കണ്ടത്തെി അടച്ചുപൂട്ടിയ നടത്തറയിലെ പാറമടകളും ക്രഷറുകളും വീണ്ടും തുറക്കാന്‍ അവസരമൊരുക്കി കലക്ടറുടെ വിവാദ ഉത്തരവ്. ഇവ പ്രവര്‍ത്തിക്കുന്ന കാര്യം പരിശോധിക്കുന്നതിന് നിരീക്ഷണ സമിതി രൂപവത്കരിക്കാന്‍ പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറമടകള്‍ പ്രവര്‍ത്തിക്കരുതെന്ന ഗ്രാമസഭായോഗ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം 14 ദിവസം പിന്നിട്ടിരിക്കെയാണ് പുതിയ നീക്കം. നിര്‍ദേശം പാറമടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അവസരമൊരുക്കലാണെന്ന് സമിതി ആരോപിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കാന്‍ കലക്ടര്‍ക്ക് അധികാരമില്ളെന്നും സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടിനാണ് നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പാറമടകളുടെ വിഷയത്തില്‍ സെക്രട്ടറിക്ക് കലക്ടര്‍ ഉത്തരവ് കൈമാറിയത്. പ്രദേശത്തെ ജനങ്ങളുടെ പ്രതിനിധികളെയും പാറമട, ക്രഷര്‍ ഉടമകളെയും പഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്കരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, പാറമട, ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരായ പരാതി പരിഗണിച്ച് സ്ഥലം സര്‍വേ നടത്താന്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ മുളയം വില്ളേജ് ഓഫിസറോടും ബന്ധപ്പെട്ട കക്ഷികളോടും ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടറുടെ നടപടിയോടെ സര്‍വേ പ്രഹസനമായെന്ന് സമിതി ആരോപിച്ചു. കലക്ടറുടെ നിയമവിരുദ്ധ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. പാറമടകളും ക്രഷറുകളും പ്രവര്‍ത്തിക്കരുതെന്ന ആറാം വാര്‍ഡ് ഗ്രാമസഭായോഗ തീരുമാനം പരിഗണിച്ച കലക്ടര്‍ പഞ്ചായത്തിന്‍െറ അഭിപ്രായം ആരാഞ്ഞിരുന്നു. നിരീക്ഷണ സമിതി രൂപവത്കരിച്ച് നിയമവിധേന പ്രവര്‍ത്തിക്കുന്നതില്‍ വിരോധമില്ളെന്നാണ് പഞ്ചായത്ത് നല്‍കിയ മറുപടി. കൃഷിഭൂമിയില്‍ ക്വാറികളും ക്രഷറുകളും അനുവദിക്കാന്‍ കലക്ടറെ അധികാരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധവും ഹൈകോടതി ഉത്തരവും മറികടന്ന് നിരീക്ഷണ സമിതി രൂപവത്കരിക്കാനുള്ള നീക്കം അഴിമതിയും അട്ടിമറിയുമാണെന്നും കലക്ടറേറ്റ് അഴിമതിയുടെ കൂത്തരങ്ങായെന്നും മലയോര സംരക്ഷണ സമിതി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.