ഒറിജിനല്‍ പൊലീസ് കൈമലര്‍ത്തി; കുട്ടികളുടെ രക്ഷകരായി കുട്ടിപ്പൊലീസ്

കൊടുങ്ങല്ലൂര്‍: അപകടം പതിയിരിക്കുന്ന വിദ്യാലയങ്ങള്‍ക്ക് മുന്നിലെ റോഡുകളില്‍ കുട്ടികളുടെ രക്ഷകരാകാന്‍ കുട്ടിപ്പൊലീസ്. ദേശീയപാതയിലെ വാഹനങ്ങളുടെ തിരക്കിനും വെള്ളക്കെട്ടുകള്‍ക്കിടയിലൂടെയുമെല്ലാം വിദ്യാര്‍ഥികള്‍ നെഞ്ചിടിപ്പോടെയാണ് റോഡ് മുറിച്ചു കടക്കാറുള്ളത്. മതിലകം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്‍റ് മേരീസ് എല്‍.പി.എസ്, രണ്ട് നഴ്സറികള്‍ എന്നീ സ്ഥാപനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമായാണ് ഈ വിദ്യാലയങ്ങളിലുള്ളത്. സ്കൂള്‍ ആരംഭിക്കുമ്പോഴും വിടുമ്പോഴും വലിയ തിരക്കാണിവിടെ അനുഭവപ്പെടുന്നത്. മഴപെയ്താല്‍ പ്രശ്നം രൂക്ഷമാകുകയും ചെയ്യും. നേരത്തേ സ്കൂള്‍ തുടങ്ങുന്ന സമയത്തും വിടുമ്പോഴും പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിലും ഏറക്കാലമായി പൊലീസ് സേവനമില്ല. ഇതോടെയാണ് ഗതാഗതത്തിരക്കുള്ള ഇത്തരം സ്കൂളുകള്‍ക്ക് മുന്നില്‍ സ്കൂള്‍ അധികൃതര്‍ സ്റ്റുഡന്‍റ് പൊലീസിനെ നിയോഗിച്ചത്. രാവിലെയും വൈകുന്നേരവും രണ്ട് കുട്ടിപ്പൊലീസ് വീതം റോഡില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കും. സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 44 സ്റ്റുഡന്‍റ് പൊലീസാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.