ചൂടേറും മാലിന്യ ചര്‍ച്ച

തൃശൂര്‍: നഗരത്തിലെ മാലിന്യവും വെള്ളക്കെട്ടും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ പ്രത്യേക യോഗം ബുധനാഴ്ച ചേരും. രാവിലെ 11നാണ് യോഗം. കോര്‍പറേഷന്‍ ആസ്ഥാന മന്ദിരംതന്നെ മാലിന്യക്കൂമ്പാരത്തിനിടയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക യോഗം ചേരുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കി പുതിയ നയം രൂപവത്കരിക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം. ഭരണത്തിലേറി ആറ് മാസം പിന്നിട്ടിട്ടും നടപടികളിലേക്ക് കടന്നിട്ടില്ല. മാലിന്യ സംസ്കരണത്തിന് നയം രൂപവത്കരിക്കുമെന്ന് മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും പറഞ്ഞു. യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും ഉച്ചക്കുശേഷം വിദഗ്ധരുടെയും വിവിധ ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങളും യോഗത്തില്‍ ഉയരുന്ന നിര്‍ദേശങ്ങളും സ്വരൂപിച്ച് നയം തയാറാക്കും. വിദേശ കമ്പനികളുടെ പ്രതിനിധികളെയും ഏജന്‍സികളെയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള പദ്ധതി മുമ്പ് ജര്‍മന്‍ കമ്പനി മുന്നോട്ടുവെച്ചിരുന്നു. പ്ളാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ടാര്‍ ഉണ്ടാക്കി കോര്‍പറേഷന് വില്‍ക്കുന്ന പദ്ധതിയും ഉയര്‍ന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. മഴ കനത്തതോടെ നഗരത്തിലെ മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് ഒഴുകാന്‍ തുടങ്ങി. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍െറ പഴയ ഗോഡൗണ്‍ വളപ്പ് മാലിന്യക്കൂമ്പാരമായി. പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. ജൈവമാലിന്യം ശക്തനിലെ സംസ്കരണ പ്ളാന്‍റില്‍ സംസ്കരിച്ചും പ്ളാസ്റ്റിക് മാലിന്യം കരാറുകാര്‍ വഴി തമിഴ്നാട്ടിലേക്ക് കയറ്റിയയച്ചും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. പൂത്തോളിലും പടിഞ്ഞാറേകോട്ട ജങ്ഷനിലും സ്വരാജ് റൗണ്ടിന്‍െറ ചിലയിടങ്ങളിലും കിഴക്കേകോട്ടയിലും മറ്റും മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരുന്നു. മഴ ശക്തമായപ്പോള്‍ അതും നിലച്ചു. 2012ല്‍ ലാലൂരിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ ആരംഭിച്ച പ്രശ്നം ഇപ്പോഴും കീറാമുട്ടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.