കൊടിമര പീഠം പൊന്നണിയുന്നു

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍െറ തീര്‍ഥകേന്ദ്രത്തിലെ കൊടിമര പീഠത്തിന്‍െറ സ്വര്‍ണം പൂശല്‍ പൂര്‍ത്തിയാകുന്നു. തൃശൂര്‍ അതിരൂപതയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണിത്. 200 കിലോ പിച്ചള ഉപയോഗിച്ച് രണ്ടര ലക്ഷം രൂപ ചെലവിലാണ് 36 ചതുരശ്ര അടി വിസ്തീര്‍ണവും മൂന്നരയടി ഉയരവുമുള്ള പീഠം സ്വര്‍ണം പൂശുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കൊടിമര പീഠം ഏതാനും മാസം മുമ്പാണ് അടിത്തറയിളക്കാതെ പുനര്‍നിര്‍മിച്ചത്. ആലപ്പുഴ ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി എ.ആര്‍. രാഗേഷും സംഘവുമാണ് സ്വര്‍ണം പൂശല്‍ കരാറുകാര്‍. സഹപ്രവര്‍ത്തകരായ ജി. മുരുകന്‍, ആര്‍. ബാബുരാജ് എന്നിവര്‍ ഉള്‍പ്പെടെ ആറ് ജോലിക്കാര്‍ 15 ദിവസംകൊണ്ടാണ് ജോലി പൂര്‍ത്തിയാക്കിയത്. മുന്തിരിവള്ളി, കുരിശ്, കയറുപിരിയന്‍, പൂക്കള്‍ എന്നിവയുടെ മാതൃക പീഠത്തിന് ചുറ്റുമായും മുകള്‍ഭാഗത്ത് കുമിളകളുമാണ് പിടിപ്പിച്ചിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളുടെ ജോലികള്‍ ഇവര്‍ ചെയ്തിട്ടുണ്ടെങ്കിലും ക്രിസ്ത്യന്‍ ദേവാലയത്തിന്‍െറ കൊടിമര പീഠത്തില്‍ സ്വര്‍ണം പൂശുന്നത് ആദ്യമാണെന്ന് കരാറുകാരന്‍ രാഗേഷ് പറഞ്ഞു. ശനിയാഴ്ചയോടെ ധാര ഉപയോഗിച്ച് മിനുക്ക് അടിക്കുന്നതോടെ പണി പൂര്‍ത്തിയാകും. ഇടവകാംഗമായ റോയല്‍ ബില്‍ഡേഴ്സ് ഉടമ വി.സി. ജയിംസാണ് വഴിപാടായി കൊടിമരത്തറയുടെ തുക നല്‍കുന്നത്. അടുത്ത ദിവസം ഇതിന്‍െറ ആശീര്‍വാദം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.