ഗുരുവായൂരില്‍ പിടിച്ചുപറിക്ക് ഓട്ടോക്കാരും

ഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനില്‍ രാത്രി വന്നിറങ്ങുന്ന യാത്രക്കാരില്‍നിന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നു. എതിര്‍ക്കുന്നവര്‍ക്കുനേരെ ഗുണ്ടായിസത്തിനും ചില ഡ്രൈവര്‍മാര്‍ മടിക്കുന്നില്ളെന്ന് പരാതി. രാത്രി ഓട്ടം എടുക്കുന്ന ചില ഡ്രൈവര്‍മാരെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ സി. സുമേഷ് അടക്കമുള്ളവര്‍ ഡ്രൈവര്‍മാരുടെ കൈയേറ്റത്തിന് ഇരയായി. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുമേഷ് സ്റ്റേഷനിലുള്ള മഞ്ജുളാലിന് സമീപത്തേക്ക് നടന്ന് അവിടെനിന്ന് വീട്ടിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. സ്റ്റേഷനിലുള്ള ഓട്ടോഡ്രൈവര്‍മാരുടെ കൂടുതല്‍ ദൂരത്തേക്കുള്ള ഓട്ടം നഷ്ടമാകേണ്ടെന്ന് കരുതിയാണ് കിഴക്കേനടയില്‍നിന്ന് ഓട്ടോ വിളിച്ചത്. ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലത്തെിയപ്പോള്‍ ഓട്ടോക്കാരന്‍ 70 രൂപ വാടക ആവശ്യപ്പെട്ടു. മിനിമം ചാര്‍ജിന്‍െറ ദൂരമേ ഉള്ളൂവെങ്കിലും രാത്രിയായതിനാല്‍ 50 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ വഴങ്ങിയില്ല. സുമേഷിനെ ഓട്ടോയില്‍നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ ‘നിന്നെ ഞാന്‍ കയറ്റിയ സ്ഥലത്ത് കൊണ്ടുവിടും’ എന്നുപറഞ്ഞ് ഓട്ടോ എടുത്ത് ഗുരുവായൂരിലേക്ക് തിരിച്ചുകൊണ്ടുപോയി. എന്നാല്‍, കിഴക്കേ നടയിലേക്ക് പോകുന്നതിന് പകരം റെയില്‍വേ സ്റ്റേഷന്‍െറ ഭാഗത്തേക്ക് ഓട്ടോ തിരിച്ചപ്പോള്‍ സുമേഷ് ഡ്രൈവറോട് കയര്‍ത്തു. ഇതിനിടെ വണ്ടി നിര്‍ത്തിയിറങ്ങിയ ഡ്രൈവര്‍ സുമേഷിനെ മര്‍ദിച്ചു. ഇതിനകം ബഹളം കേട്ട് ആളുകളും റെയില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസും സ്ഥലത്തത്തെി. തുടര്‍ന്ന് അതേ ഓട്ടോറിക്ഷയില്‍ സുമേഷ് ടെമ്പിള്‍ സ്റ്റേഷനിലത്തെി പരാതി നല്‍കി. എന്നാല്‍, 50 രൂപ വാടക നല്‍കി പ്രശ്നം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്. ഓട്ടോക്കാരനെതിരെ നടപടിയെടുക്കാതെ വിട്ടയച്ചു. സ്റ്റേഷനില്‍ നടപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് സുമേഷ് എ.സി.പിക്ക് പരാതി നല്‍കി. ഗുരുവായൂരിലെ ചില ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് ഡ്രൈവര്‍മാരുടെ യൂനിയനുകള്‍ക്കുവരെ പരാതിയുണ്ട്. നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചിലരുടെ പ്രവൃത്തികള്‍ മാനഹാനിയുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍, പരാതികള്‍ വ്യാപകമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ളെന്നും ആരോപണമുണ്ട്. പൊലീസ് നല്‍കിയ തിരിച്ചറിയല്‍ ബാഡ്ജ് പല ഡ്രൈവര്‍മാരും ധരിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.