കുരിയച്ചിറ സ്വര്‍ണക്കവര്‍ച്ച: അന്വേഷണ സംഘം വിപുലീകരിച്ചു

തൃശൂര്‍: കുരിയച്ചിറയില്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണര്‍ ഡോ. ഹിമേന്ദ്രനാഥിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എട്ട് ടീമുകളായി തിരിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സമീപത്തെ കെട്ടിടങ്ങളില്‍ സ്ഥാപിച്ച സി.സി ടി.വി കാമറകള്‍ പരിശോധിച്ചതില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. കുരിയച്ചിറ ജെ.വി ഗോള്‍ഡ് ആഭരണ നിര്‍മാണശാലയില്‍ നിന്ന് പണി തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകാന്‍ ജീവനക്കാരന്‍ ബൈക്കില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് കാറിലത്തെിയ സംഘം ഇടിച്ച് വീഴ്ത്തി സ്വര്‍ണം തട്ടിയെടുത്തത്. നാലംഗ സംഘമാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് കവര്‍ച്ചാ സംഘത്തിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് പൊലീസിന്‍െറ അന്വേഷണം. സ്ഥിരമായി സ്വര്‍ണം കൊണ്ടുപോകുന്നത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന വിലയിരുത്തലില്‍ സമാന സ്വഭാവമുള്ള കേസുകള്‍ സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. മുന്‍കാല കേസുകളില്‍ പ്രതികളായവരെക്കുറിച്ച് വിവര ശേഖരണം തുടങ്ങി. പ്രതികള്‍ കേരളം വിട്ടുവെന്ന അടിസ്ഥാനത്തിലുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച് ആലോചിച്ചിരുന്നു. അന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള വിലയിരുത്തലില്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.