വടക്കാഞ്ചേരിയിലെ തോല്‍വി: സി.പി.എം കമീഷന്‍ സിറ്റിങ് നടന്നില്ല

തൃശൂര്‍: വടക്കാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.എം നിയോഗിച്ച കമീഷന്‍െറ സിറ്റിങ് നടന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, യു.പി.ജോസഫ് എന്നിവരടങ്ങുന്ന കമീഷനെയാണ് വടക്കാഞ്ചേരിയിലെ തോല്‍വിയും ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കവും പരിശോധിക്കാനായി സി.പി.എം ജില്ലാ കമ്മിറ്റി നിയോഗിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആദ്യ സിറ്റിങ് വടക്കാഞ്ചേരി പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസില്‍ തീരുമാനിച്ചത്. ഇതാണ് നടക്കാതെ പോയത്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു അന്വേഷണ കമീഷനെ നിയോഗിച്ചത്. ഇതിന്‍െറ ആദ്യ സിറ്റിങ് ശനിയാഴ്ച തീരുമാനിച്ചെങ്കിലും നടന്നില്ല. ജില്ലാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചതിനാലാണ് സിറ്റിങ് മാറ്റിവെച്ചതെന്നാണ് നേതൃത്വം നല്‍കിയ വിശദീകരണം. പുതിയ സിറ്റിങ് തീയതി തീരുമാനിച്ചിട്ടില്ളെന്നും നേതാക്കള്‍ പറഞ്ഞു. വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലുമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കലഹം ഉണ്ടായത്. വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയെയും ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെയും സ്ഥാനാര്‍ഥികളാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടിടത്തെയും ആവശ്യം പരിഗണിക്കാതിരുന്ന ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ വടക്കാഞ്ചേരിയില്‍ നടി കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ പ്രതിഷേധം തെരുവിലത്തെി. ഡി.വൈ.എഫ്.ഐ ബ്ളോക് നേതാക്കളും പാര്‍ട്ടി അംഗങ്ങളും അടക്കമുള്ളവര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതോടെ സ്ഥാനാര്‍ഥിനിര്‍ണയ തര്‍ക്കം സംസ്ഥാനതലത്തില്‍ ചര്‍ച്ചയായി. ഇതോടെ കെ.പി.എ.സി ലളിത പിന്മാറുന്നതായി പ്രഖ്യാപിച്ചു. പിന്നീടാണ് ജില്ലാ പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇരിങ്ങാലക്കുടയില്‍ കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ എന്‍.ആര്‍. ഗ്രാമപ്രകാശിനെ തീരുമാനിച്ചെങ്കിലും ഇവിടെയും കാലിടറി. പ്രവര്‍ത്തകര്‍ ഫ്ളക്സും ചുമരെഴുത്തും പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയതോടെ ഗ്രാമപ്രകാശും പിന്‍വലിഞ്ഞു. പിന്നീട് പി.എസ്.സി മുന്‍ അംഗവും പു.ക.സ നേതാവുമായ പ്രഫ.കെ.യു. അരുണന് നിയോഗമൊത്തത്. രണ്ടിടത്തും സംസ്ഥാന നേതാക്കള്‍ നേരിട്ടത്തെിയായിരുന്നു പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. എന്നാല്‍ പ്രതീക്ഷയില്ലാതിരുന്ന ഇരിങ്ങാലക്കുടയില്‍ വമ്പന്‍ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍, വടക്കാഞ്ചേരിയില്‍ 43 വോട്ടിന് മേരി തോമസ് തോറ്റു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടിയ വിജയമുണ്ടായപ്പോള്‍, വടക്കാഞ്ചേരിയിലെ പരാജയം വോട്ട് ചോര്‍ച്ചയാണെന്ന വിലയിരുത്തലിലാണ് അന്വേഷണത്തിനായി പാര്‍ട്ടി തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.