ചിയ്യാരം കൊച്ചുത്രേസ്യ വധം: പ്രതികള്‍ക്ക് 31 വര്‍ഷം കഠിന തടവ്

തൃശൂര്‍: ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയ കേസില്‍ പൊന്നൂക്കര കരുമത്തില്‍ വീട്ടില്‍ സുധി, അഞ്ചേരി മേലിട്ട വീട്ടില്‍ സജീവന്‍െറ ഭാര്യ ലത എന്നിവരെ വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിനതടവിനും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. നാലാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആര്‍. വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. 2013 ജൂലൈ എട്ടിനാണ് കൊലപാതകം നടന്നത്. സുധിയും ലതയും ഒരുമിച്ചായിരുന്നു താമസം. കൊച്ചുത്രേസ്യയും ലതയും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. സംഭവദിവസം ലത കൊച്ചുത്രേസ്യയെ പൊന്നൂക്കരയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് സുധിയുമായി ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങള്‍ എടുത്തു. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി സ്ളാബ് സിമന്‍റിട്ട് ഉറപ്പിച്ചു. ആഭരണങ്ങള്‍ തൃശൂര്‍ ഹൈറോഡിലെ ജ്വല്ലറിയില്‍ വിറ്റ് പണവുമായി തമിഴ്നാട്ടിലേക്ക് കടന്നു. കൊച്ചുത്രേസ്യയെ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് അന്ന് നെടുപുഴ എസ്.ഐ ആയിരുന്ന അനില്‍ ടി. മേപ്പുള്ളി അന്വേഷണം നടത്തി. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചതോടെ അന്വേഷണം ഇപ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പിയായ അന്നത്തെ വെസ്റ്റ് സി.ഐ എ. രാമചന്ദ്രന് കൈമാറി. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി തമിഴ്നാട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. ലത നല്‍കിയ മൊഴിപ്രകാരം മൃതദേഹാവശിഷ്ടം സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തു. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ആഭരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. കൊലപാതകം നടന്ന ദിവസം കൊച്ചുത്രേസ്യ പ്രതികള്‍ താമസിച്ച വാടക വീട്ടിലേക്ക് പോകുന്നത് അടുത്ത കടയിലെ പോള്‍, അയല്‍വാസി ഷാജു എന്നിവര്‍ കണ്ടിരുന്നു. ഇവരുള്‍പ്പെടെ 34 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പോളും ഷാജുവും നല്‍കിയ മൊഴികളും സാഹചര്യത്തെളിവുകളും കൊച്ചുത്രേസ്യയുടെ മൊബൈലിലേക്ക് വന്ന ലതയുടെ കോളുകളുമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തൊന്‍ അടിസ്ഥാനമായത്. ഡിവൈ.എസ്.പി എ. രാമചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ജില്ലാ ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഡ്വ. ജോഷി പുതുശേരി, ഷിബു പുതുശേരി എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.