എയര്‍ അടിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിന്‍; ഇന്ധനച്ചെലവ് കുറക്കുന്ന കണ്ടുപിടുത്തം

തൃശൂര്‍: വായുവിന്‍െറ സഹായത്തോടെ വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിച്ച് ചെലവ് കുറക്കാനുതകുന്ന സംവിധാനവുമായി ഒരു സംഘം വിദ്യാര്‍ഥികള്‍. ഡീസല്‍/പെട്രോളിനൊപ്പം എന്‍ജിനിലേക്ക് സാന്ദ്രീകൃതവായു കടത്തിവിട്ട് എന്‍ജിന്‍െറ ശക്തി വര്‍ധിപ്പിക്കാനും ഇന്ധന ഉപയോഗം കുറക്കാനും കഴിയുന്ന സംവിധാനമാണ് വാഴക്കുളം വിദ്യാജ്യോതി എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ചാക്കോ ചിറമ്മേല്‍, ശരത് മാത്യു, ട്വിങ്കിള്‍ ജോര്‍ജ്, ടി. സാവിയോ ജോജോ എന്നിവര്‍ വികസിപ്പിച്ചത്. കംപ്രസ്ഡ് എയര്‍പവര്‍ 6 സ്ട്രോക്ക് എന്‍ജിന്‍ (സി.എ.പി.എസ്.എസ്) എന്ന എന്‍ജിന്‍െറ കണ്ടുപിടിത്തം ഇന്ധനവില കുതിച്ചുയരുന്ന കാലത്ത് സമൂഹത്തിന് ആശ്വാസകരമായിരിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രൂപമാറ്റം വരുത്തിയ എന്‍ജിന്‍ ഘടിപ്പിച്ച കാറില്‍ എയര്‍ ടാങ്ക് കൂടി വെച്ചാല്‍ കിലോമീറ്റര്‍ ഒരു രൂപക്ക് ഓടാന്‍ കഴിയുമെന്നാണ് അവകാശ വാദം. അന്തരീക്ഷ മലിനീകരണം ഉണ്ടാവുകയുമില്ല. ഈ 6 സ്ട്രോക്ക് എന്‍ജിനില്‍ അഞ്ചാമത്തെ സ്ട്രോക്കിന് ശക്തി കൊടുക്കുന്നത് സാന്ദ്രീകൃതവായുവാണ്. ഈ സ്ട്രോക്കില്‍ എന്‍ജിന്‍ സിലിണ്ടറിലേക്ക് കടക്കുന്ന വായു അതിനുള്ളിലെ ചൂട് വലിച്ചെടുത്ത് വികസിക്കും. ഇങ്ങനെ വികസിക്കുമ്പോള്‍ എന്‍ജിന്‍െറ പിസ്റ്റണ്‍ താഴോട്ട് ചലിക്കും. ഈ വായു എന്‍ജിനെ തണുപ്പിക്കുകയും ചെയ്യും. ഇത് എന്‍ജിനില്‍ കൂളിങ് സിസ്റ്റത്തിന്‍െറ ആവശ്യം ഒഴിവാക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ സംവിധാനം ഉപയോഗിക്കുന്ന എന്‍ജിനുകളില്‍ കൂളിങ് ജാക്കറ്റ്, റേഡിയേറ്റര്‍ എന്നിവ വേണ്ടാത്തതിനാല്‍ എന്‍ജിന് ഭാരം കുറവായിരിക്കുമത്രേ. എന്‍ജിനകത്ത് വെച്ച വികസിച്ച വായു ആറാമത്തെ സ്ട്രോക്കില്‍ എക്സ്ഹോസ്റ്റ് വാല്‍വ് വഴി പുറന്തള്ളും. രണ്ട് പവര്‍ സ്ട്രോക്ക് കൂടുതല്‍ ഉള്ളതിനാലും പുറമേ നിന്നുള്ള കൂളിങ് സിസ്റ്റം ഒഴിവാക്കുന്നതിനാലും 4 സ്ട്രോക്ക് എന്‍ജിനേക്കാള്‍ ഇതിന് ശക്തി കൂടുമെന്ന് ഇവര്‍ പറഞ്ഞു. കാര്‍ബണ്‍-ഫൈബര്‍ ടാങ്കില്‍ വായു വാഹനത്തില്‍ സൂക്ഷിക്കാം. എന്‍ജിന്‍െറ പ്രവര്‍ത്തനത്തിന് ഒറ്റത്തവണയേ ഇന്ധനം ഉപയോഗിക്കുന്നുള്ളൂ എന്നതിനാലും പിന്നെ ഉപയോഗിക്കുന്നത് വായു ആയതിനാലും ചെലവ് വളരെ കുറയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. അവസാന വര്‍ഷ പ്രോജക്ടിന്‍െറ ഭാഗമായാണ് ഇവര്‍ ഈ കണ്ടുപിടിത്തം നടത്തിയത്. 70,000 രൂപയോളം ചെലവ് വന്നു. ഇത് പേറ്റന്‍റിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.