ദേവസ്വം മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍െറ പരാതി

ഗുരുവായൂര്‍: സഭ്യേതരമായ പദങ്ങളുപയോഗിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ മന്ത്രി കടകംപിള്ള സുരേന്ദ്രന്‍ ഭരണസമിതി യോഗത്തില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ദേവസ്വം ബോര്‍ഡിലുള്ളവര്‍ കള്ളന്മാരാണെന്ന മന്ത്രിയുടെ പ്രസ്താവന പരിധി വിട്ടെന്ന് കുറുപ്പ് പരാതിയില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത മന്ത്രി പൊറുക്കാന്‍ കഴിയാത്ത പദങ്ങളുപയോഗിച്ച് ആക്രോശിച്ചുവെന്നാണ് പരാതിയിലുള്ളത്. ഭരണസമിതി യോഗത്തില്‍ പങ്കെടുത്തിരുന്ന സ്ഥാനമൊഴിയുന്ന അഡ്മിനിസ്ട്രേറ്റര്‍ സി.എന്‍. അച്യുതന്‍ നായരെ എഴുന്നേല്‍പിച്ച് നിര്‍ത്തി സഭ്യേതരമായ പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ച് പുറത്തിറക്കിയെന്നും മന്ത്രിയുടെ അധികാരമുപയോഗിച്ച് യോഗത്തിനിടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല സബ് കലക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. ദേവസ്വം ചട്ടത്തിന് വിരുദ്ധമായാണ് അഡ്മിനിസ്ട്രേറ്ററെ മാറ്റിയിട്ടുള്ളത്. ആറുമാസം മുമ്പ് മാത്രം അധികാരത്തില്‍ വന്ന ഇപ്പോഴത്തെ ഭരണസമിതി ഒരു സാമ്പത്തിക ദുര്‍വ്യയവും നടത്തിയിട്ടില്ല. നാമമാത്രമായി നടക്കുന്ന ചില പ്രവൃത്തികള്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് തീരുമാനിച്ചവയാണ്. വെള്ളിയാഴ്ച ഭരണസമിതി യോഗത്തില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കേണ്ടവയായിരുന്നു. പൊതുപ്രവര്‍ത്തകരാണ് ഭരണസമിതിയിലെ അംഗങ്ങള്‍ എന്നിരിക്കെ ദേവസ്വം ബോര്‍ഡിലുള്ളവര്‍ കള്ളന്മാരാണെന്ന മന്ത്രിയുടെ പ്രസ്താവന പരിധിവിട്ടതാണ്. അംഗീകൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ദേവസ്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. തുടര്‍ച്ചയായി നാല് ഭരണ സമിതി യോഗങ്ങളില്‍ നിന്ന് ആരോഗ്യ പ്രശ്നം മൂലം വിട്ടു നിന്നിരുന്ന പീതാംബരക്കുറുപ്പ് വെള്ളിയാഴ്ച രാത്രി മന്ത്രി പോയതിന് പിറകെ ഗുരുവായൂരിലത്തെിയാണ് പരാതി തയാറാക്കിയത്. മന്ത്രി എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. അഡ്മിനിസ്ട്രേറ്ററെ മാറ്റിയതോടെ ഭരണസമിതിയും സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളായി കഴിഞ്ഞു. മന്ത്രി പങ്കെടുത്ത സുഖചികിത്സ ഉദ്ഘാടന ചടങ്ങ് ഭരണസമിതി അംഗങ്ങള്‍ ബഹിഷ്കരിക്കുന്നിടം വരെ കാര്യങ്ങളത്തെിയിട്ടുണ്ട്. മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് ചെയര്‍മാന്‍ നേരിട്ട് പരാതി നല്‍കിയത് കാര്യങ്ങള്‍ കുറച്ചു കൂടി വഷളാക്കാനാണ് സാധ്യത. രണ്ടുവര്‍ഷം കാലാവധിയുള്ള ഭരണസമിതിക്ക് ഇനിയും ഒന്നര വര്‍ഷം ശേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.