ഗുരുവായൂര്‍: ആനത്താവളത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സ വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിലാണ് ആനയൂട്ടിന് തുടക്കമാവുക. ഒരു മാസക്കാലമാണ് ആനത്താവളത്തിലെ സുഖചികിത്സ. സുഖചികിത്സാകാലത്ത് പരിപൂര്‍ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും തേച്ചുകുളിയും നടത്തിയാണ് ആനകളെ പരിപാലിക്കുക. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആനകളുടെ തൂക്കത്തിനനുസരിച്ചുള്ള ഭക്ഷണമാണ് ഇക്കാലയളവില്‍ നല്‍കുക. ഇതിന് മുന്നോടിയായി ആനകള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ആരോഗ്യസ്ഥിതി മനസ്സിലാക്കി തരംതിരിച്ചുള്ള ചികിത്സയായിരിക്കും നല്‍കുക. ആനത്താവളത്തിന്‍െറ വടക്കേ മുറ്റത്ത് വരിയായി നിര്‍ത്തി ഓരോ ആനക്കും മരുന്നുകൂട്ട് അടങ്ങിയ ചോറുരുളകള്‍ വായില്‍ വെച്ച് നല്‍കും. സുഖചികിത്സക്കായി 15 ലക്ഷം രൂപയാണ് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്. പതിവുള്ള പട്ടക്കും പുല്ലിനും പുറമെ അരി, ചെറുപയര്‍, മുതിര, അഷ്ടചൂര്‍ണം, ച്യവനപ്രാശം, ടോണിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവയും ഭക്ഷണ ക്രമത്തിലുള്‍പ്പെടുത്തും. ആനത്തറവാട്ടിലെ കാരണവര്‍ ഗജരത്നം പത്മനാഭന്‍ അടക്കം 12 ആനകള്‍ മദപ്പാടിലാണ്. ഇവകള്‍ക്ക് മദപ്പാട് കാലത്തിനുശേഷം ചികിത്സ നല്‍കും. വാതരോഗ അസുഖമുള്ള ആനകള്‍ക്ക് മുതിരയും അല്ലാത്തവക്ക് ചെറുപയറുമാണ് നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.