കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന് അഞ്ചാമത്തെ വാഹനത്തിന് അനുമതി

തൃശൂര്‍: കെ.എസ്.ഇ.ബിയുടെ മാനദണ്ഡവും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍െറ ഉത്തരവും പൂഴ്ത്തി കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന് അഞ്ചാമതൊരു വാഹനം കൂടി വരുന്നു. പ്രവര്‍ത്തനച്ചെലവ് കുറക്കാന്‍ സെക്ഷന്‍ ഓഫിസുകള്‍ക്ക് സ്വന്തമായി വാഹനം വാങ്ങേണ്ടെന്നും ആവശ്യത്തിന് വാടകക്ക് എടുക്കാനുമാണ് ബോര്‍ഡ് തീരുമാനം. ഇത് റെഗുലേറ്ററി കമീഷനും ശരിവെച്ചു. ഈ ഉത്തരവുകള്‍ മറച്ചുവെച്ച് അജണ്ട തയാറാക്കിയാണ് വൈദ്യുതി വിഭാഗം കൗണ്‍സിലിന്‍െറ അനുമതി നേടിയത്. സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള റെഗുലേറ്ററി കമീഷന്‍െറ സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ് ഉത്തരവ് പാലിക്കാന്‍ പുതിയ വാഹനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, വൈദ്യുതി സെക്ഷന്‍ ഓഫിസിന് വേണ്ടി എട്ട് ലക്ഷം രൂപ ചെലവാക്കി ഒരോ ബൊലേറോയും ഇംപീരിയോ പിക്-അപ് വാനും വാങ്ങാനാണ് കഴിഞ്ഞ കൗണ്‍സില്‍ അനുമതി നല്‍കിയത്. വാഹനം വാങ്ങാന്‍ റെഗുലേറ്ററി കമീഷന്‍െറ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് റെഗുലേറ്ററി കമീഷന്‍ മുമ്പാകെ അപേക്ഷ നല്‍കിയതിന്‍പ്രകാരമുള്ള വാഹനം വാങ്ങാന്‍ ഭരണാനുമതിക്കായാണ് അജണ്ടയില്‍ ചേര്‍ത്ത് കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചതെങ്കിലും വാഹനം വാങ്ങാനുള്ള അപേക്ഷ നിരാകരിച്ച് കമീഷന്‍ നല്‍കിയ ഉത്തരവ് കൗണ്‍സിലില്‍നിന്ന് മറച്ചുവെച്ചാണ് വൈദ്യുതി വിഭാഗം അനുമതി നേടിയത്. വൈദ്യുതി ബോര്‍ഡിന്‍െറ സേവന-വേതന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനത്തിനായി 30,000 രൂപയാണ് ബോര്‍ഡ് രണ്ട് ഡ്രൈവര്‍മാരുടെ സേവനമുള്‍പ്പെടെ വാഹന വാടകയായി ചെലവാക്കുന്നത്. യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ ധാരണയനുസരിച്ച് ഈ ഇനത്തില്‍ മാത്രം കോടികളുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡ് നേടിയത്. വാഹനവിലയും പരിപാലനവും ഡ്രൈവര്‍മാരുടെ ശമ്പളവുമായി ലക്ഷങ്ങളാണ് കോര്‍പറേഷന്‍ ഓരോ മാസവും ചെലവാക്കിയിരുന്നത്. മാസം 70,000 രൂപവരെയാണ് വൈദ്യുതി വിഭാഗത്തിലെ ഒരു ഡ്രൈവറുടെ മാത്രം ശമ്പളം. 36,000 കണക്ഷനുകളാണ് കോര്‍പറേഷന്‍ പരിധിയിലുള്ളതത്രേ. ഒരു സെക്ഷന് 20,000 കണക്ഷനാണ് വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡം. ഇതനുസരിച്ച് രണ്ട് സെക്ഷന്‍ മതിയെന്നിരിക്കേ നാല് സെക്ഷനുകളും ആവശ്യമായതിന്‍െറ ഇരട്ടി ജീവനക്കാരുമാണ് ഇന്നുള്ളതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 12.65 ചതുരശ്ര കിലോമീറ്ററാണ് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍െറ നാല് സെക്ഷനുകളുടെ പ്രവര്‍ത്തന പരിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.