മാള: രൂക്ഷമായ ജലക്ഷാമം നേരിടുന്ന പൊയ്യ പഞ്ചായത്തില്‍ ജനപങ്കാളിത്തത്തോടെ തുടക്കം കുറിച്ച ജലസേചന പദ്ധതി ഉപേക്ഷിച്ച നിലയില്‍. മാള പള്ളിപ്പുറം, താണിക്കാട് കാര്‍ഷിക ജലസേചന പദ്ധതിയാണ് പെരുവഴിയിലായത്. പദ്ധതിക്കായി മുടക്കിയ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലായി. 1999ല്‍ നിര്‍മാണം നിലച്ച പദ്ധതി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മാള ചാലില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് താണിക്കാട് പാറക്കുളത്തിലത്തെിച്ച് അവിടെ നിന്നു വിവിധ കൃഷിയിടങ്ങളില്‍ വെള്ളമത്തെിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എക്കാട്ടിത്തോട് -വന്‍തോട് പദ്ധതി പ്രകാരം മാള ചാലില്‍ ആവശ്യത്തിന് വെള്ളമത്തെിക്കാന്‍ കഴിയാതിരുന്നതോടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. പൊയ്യ പഞ്ചായത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. താണിക്കാട് കുളക്കരയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് മോട്ടോര്‍ ഷെഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. വിവിധ കാര്‍ഷിക മേഖലകളില്‍ ജനപങ്കാളിത്തത്തോടെ ചെറിയ ടാങ്കുകള്‍ നിര്‍മിച്ചു. മാള ചാലില്‍ മോട്ടോര്‍ ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കി. മോട്ടോറുകള്‍ വാങ്ങി. ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിന് പൈപ്പുകളും വാങ്ങി. എന്നാല്‍, മാള ചാലില്‍ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാല്‍ പദ്ധതി നിലച്ചു. ഇതിനിടെ മാള ചാലില്‍ സ്ഥാപിച്ച മോട്ടോര്‍പുര ഒരുവശം ചരിഞ്ഞ് അപകടനിലയിലായി. പദ്ധതിക്കായി വാങ്ങിക്കൂട്ടിയ പൈപ്പുകള്‍ പള്ളിപ്പുറത്ത് വ്യക്തിയുടെ ഭൂമിയില്‍ ഉപേക്ഷിച്ചു. ഇവിടമിപ്പോള്‍ ഇഴജന്തുക്കളുടെ താവളമാണ്. 2011ല്‍ നിലവില്‍വന്ന ഭരണസമിതി പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല. പുതിയ ഭരണസമിതി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.