സംസ്ഥാനത്ത് ആദ്യമായി വി.എഫ്.പി.സി.കെയുടെ പഴം പച്ചക്കറി കയറ്റുമതി സംഭരണകേന്ദ്രം

ചാലക്കുടി: കാര്‍ഷികഗ്രാമമായ പരിയാരത്ത് പഴം പച്ചക്കറി കയറ്റുമതി സംഭരണകേന്ദ്രം വരുന്നു. വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ) പരിയാരത്ത് വേളൂക്കരയിലാണ് സംഭരണകേന്ദ്രം ആരംഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ വകുപ്പിന് കീഴില്‍ കാര്‍ഷിക, ഭക്ഷ്യസംസ്കരണ വികസന ഏജന്‍സി (അപ്പേഡ)യുടെ സാമ്പത്തികസഹായത്തോടെ കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം നിര്‍മിക്കുന്നത്. രണ്ടര കോടിയോളം രൂപ ഇതിനായി ‘അപ്പേഡ’ വകയിരുത്തിയിട്ടുണ്ട്. ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും സംഭരിച്ച് കയറ്റുമതിക്ക് അനുയോജ്യമായ രീതിയില്‍ പാക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുകയാണ് വി.എഫ്.പി.സി.കെയുടെ ലക്ഷ്യം. പരിയാരത്ത് പഴങ്ങളും പച്ചക്കറികളും കാലങ്ങളായി വന്‍ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ സഹകരണ സംഘങ്ങളും സ്വാശ്രയ കര്‍ഷക സമിതികളും ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. സംഭരണ കേന്ദ്രം ആരംഭിക്കുന്നതോടെ പരിയാരത്തെയും പരിസരത്തെയും നാടന്‍ കര്‍ഷകര്‍ക്ക് പഴങ്ങളും പച്ചക്കറികളും രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ വഴിതെളിയും. സംഭരണകേന്ദ്രത്തിന്‍െറ ശിലാസ്ഥാപനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്നസെന്‍റ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഷീജു, പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് ജനീഷ് പി. ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.