ഗീതാഗോപി എം.എല്‍.എ വിളിച്ച യോഗം ടി.എന്‍. പ്രതാപന്‍െറ അനുയായികള്‍ അലങ്കോലപ്പെടുത്തി

വാടാനപ്പള്ളി: പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഗീതാഗോപി എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അലങ്കോലപ്പെടുത്തി. ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ നേതൃത്വത്തില്‍ തളിക്കുളം ബ്ളോക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗമാണ് അലങ്കോലപ്പെടുത്തിയത്. നാലുകൊല്ലം യോഗം വിളിക്കാതിരുന്ന എം.എല്‍.എ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ യോഗം വിളിച്ചതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ യോഗം മുടക്കിയത്. പട്ടികജാതി ഫണ്ടുകള്‍ പലതും ലാപ്സായിപ്പോവുന്നെന്ന പരാതിയെ തുടര്‍ന്നാണ് നാട്ടിക, തളിക്കുളം, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച രാവിലെ പത്തോടെ യോഗം ചേര്‍ന്നത്. എന്നാല്‍, ഗീതാഗോപി എം.എല്‍.എക്ക് ഇത്തരം യോഗം വിളിക്കാന്‍ കഴിയില്ളെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരനായ ബ്ളോക്കംഗം യദു കൃഷ്ണന്‍, തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ഐ. ഷൗക്കത്തലി എന്നിവര്‍ ബഹളംവെച്ചു. ബഹളത്തിനിടെ യോഗം തുടരാന്‍ തീരുമാനിച്ചെങ്കിലും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ് ജില്ല-ബ്ളോക് പട്ടികജാതി വികസന ഓഫിസര്‍മാര്‍ സ്ഥലംവിട്ടു. ഇതോടെ, യോഗം മുടങ്ങി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ ഭീഷണിയും കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ബഹളവും കാരണമാണ് യോഗം മുടങ്ങിയതെന്നാരോപിച്ച് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ ബ്ളോക് പഞ്ചായത്ത് ഹാളില്‍ ഗീതാഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പ്രതാപനെതിരെ ഗീതാഗോപി യോഗത്തില്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചു. പട്ടികജാതിക്കാരിയായ തന്നെ പ്രതാപന്‍ നിരന്തരം അവഹേളിക്കുകയാണെന്ന് ഗീത തുറന്നടിച്ചു. ധിക്കാരപരമായാണ് പ്രതാപന്‍ പെരുമാറുന്നത്. ഇത് ഇനിയും തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്ന് ഗീത മുന്നറിയിപ്പ് നല്‍കി. ഗീതാഗോപിക്കെതിരെ ജാതി നോക്കി പ്രവര്‍ത്തിക്കുന്ന പ്രതാപന്‍െറ നടപടിയില്‍ തളിക്കുളം ബ്ളോക് പ്രസിഡന്‍റ് എം.ആര്‍. സുഭാഷിണി, വൈസ് പ്രസിഡന്‍റ് ഇ.പി. ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.കെ. രജനി (തളിക്കുളം), കെ.വി. അശോകന്‍ (ഏങ്ങണ്ടിയൂര്‍), ഷിജിത്ത് വടക്കുഞ്ചേരി (വാടാനപ്പള്ളി), ടി.കെ. തോമസ് (വലപ്പാട്), ബ്ളോക് അംഗങ്ങളായ സുലേഖ ജമാല്‍, വാസന്തി, പഞ്ചായത്തംഗങ്ങളായ സുഭാഷിതന്‍ എന്നിവരും പ്രതിഷേധിച്ചു. പ്രതാപനും പട്ടികജാതി ഓഫിസര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പട്ടികജാതി വികസന യോഗം വീണ്ടും ചേരുമെന്ന് ഗീതാഗോപി എം.എല്‍.എ പറഞ്ഞു. പ്രതാപനോ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കോ തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോ എന്നും എല്‍.എല്‍.എ വെല്ലുവിളിച്ചു. യോഗത്തിലത്തെിയ പട്ടികജാതി ഓഫിസര്‍മാരെ പ്രതാപന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. നാട്ടിക മണ്ഡലത്തിലെ പട്ടികജാതിക്കാരുടെ വിഷയം ചര്‍ച്ചചെയ്യുന്ന യോഗം വിളിക്കാന്‍ തനിക്ക് അധികാരവും കലക്ടറുടെ അനുമതിയുമുണ്ട്. സംസ്ഥാനത്ത് പട്ടികജാതിക്കാരുടെ പ്രശ്നം ചര്‍ച്ചചെയ്യുന്ന ഏത് യോഗത്തിലും കമ്മിറ്റിയംഗമായ തനിക്ക് പങ്കെടുക്കാം. തന്‍െറ മണ്ഡലമായ നാട്ടികയില്‍ യോഗം വിളിക്കാന്‍ പ്രതാപന്‍െറ അനുവാദം വേണ്ട. തളിക്കുളത്തെ ഏതു കാര്യത്തിലും പ്രതാപന്‍ ഇടങ്കോലിടുകയാണ്. അത് ഇനി അനുവദിക്കില്ളെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.