കോടികളുടെ ആസ്തിയുള്ള നിസാമിന് കണ്ണൂര്‍ ജയിലിലെ ദിവസവേതനം 21 രൂപ

തൃശൂര്‍: കേരളത്തിനകത്തും പുറത്തും വ്യവസായ ശൃംഖലയടക്കം കോടികളുടെ ആസ്തിയുള്ള മുഹമ്മദ് നിസാമിന്‍െറ കണ്ണൂര്‍ ജയിലിലെ ദിവസവേതനം 21 രൂപ. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച നിസാമിനെ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ചത്. പത്താം നമ്പര്‍ ബ്ളോക്കിലെ സെല്ലിലാണ് നിസാമിനെ പാര്‍പ്പിച്ചിരിക്കുന്നത്. തനിക്ക് 5000 കോടിയുടെ ആസ്തിയുണ്ടെന്നും കേരളത്തിനകത്തും പുറത്തും വ്യവസായമുണ്ടെന്നും 12,000ത്തില്‍ അധികം ജീവനക്കാരുണ്ടെന്നും തൃശൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിസാം വ്യക്തമാക്കിയിരുന്നു. വിചാരണക്കിടയിലും ഇക്കാര്യം സ്ഥിരീകരിച്ചു. കോടികള്‍ വിലമതിക്കുന്ന ഇരുപതോളം ആഡംബര വാഹനങ്ങളും പത്തിലധികം വില കൂടിയ ഇരുചക്ര വാഹനങ്ങളുമുണ്ടെന്നും പറഞ്ഞിരുന്നു. പ്രതിദിനം ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന നിസാമിന് ജയില്‍ നിയമം അനുസരിച്ചുള്ള വേതനം 21 രൂപയാണ്. പത്തുമാസം കഴിഞ്ഞ് ക്ളാസ് വണ്‍ തടവുകാരനായാല്‍ ഇത് 30 രൂപയാകും. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമുണ്ടായാല്‍ പരമാവധി ലഭിക്കുക 53 രൂപയാണ്. ഒരു മാസം 800 രൂപയില്‍ കൂടുതല്‍ ജയിലിനുള്ളില്‍ ചെലവഴിക്കാന്‍ കഴിയില്ല. പ്രതിമാസം 150 രൂപക്ക് ഫോണ്‍ ചെയ്യാം. 21 മാസം തടവ് അനുഭവിച്ചാല്‍ പരോളിന് അര്‍ഹതയുണ്ടാകും. എന്നാല്‍, പരോള്‍ ലഭിക്കണമെങ്കില്‍ പൊലീസിന്‍െറയും പ്രബേഷണറി ഓഫിസറുടെയും റിപ്പോര്‍ട്ട് അനുകൂലമാകണം. ജയിലില്‍ നിസാമിന് സൗകര്യങ്ങള്‍ ലഭിച്ചുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതിനിടെ, ശിക്ഷാ വിധിക്കെതിരെ നിസാമിനു വേണ്ടി അപ്പീല്‍ നല്‍കാന്‍ ശ്രമം തുടങ്ങി. അടുത്ത ദിവസം അപ്പീല്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിസാമിന്‍െറ ബന്ധുക്കള്‍ സമീപിച്ച് നിയമോപദേശം തേടി. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണക്കത്തെിയത് ഹൈകോടതിയിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയായിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം സ്ഥിരമായി നിലപാടെടുത്തതും വിദഗ്ധരെന്ന പേരില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ആര്‍.കെ. ശര്‍മയെയും വിഷാദരോഗത്തിന് ചികിത്സ തേടിയെന്ന് കാണിക്കാന്‍ മനശ്ശാസ്ത്ര വിദഗ്ധനെയും സാക്ഷിയായി കൊണ്ടുവന്നതും പ്രതികൂലമായെന്ന നിലപാടിലാണ് നിസാമിന്‍െറ ബന്ധുക്കള്‍. അന്തിമവാദത്തിന് ഗോപാല്‍ സുബ്രഹ്മണ്യത്തെ കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും രാമന്‍പിള്ളയുടെ അതൃപ്തിയെ തുടര്‍ന്ന് നടന്നിരുന്നില്ല. കോടികളുടെ ആസ്തിയുള്ള നിസാമില്‍നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട അഞ്ച് കോടിയില്‍ 50 ലക്ഷം രൂപ മാത്രം കുടുംബത്തിന് അനുവദിച്ചതില്‍ തൃപ്തിയില്ളെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറയുന്നു. വധശിക്ഷ ലഭിക്കാത്തതിനാല്‍ ചന്ദ്രബോസിന്‍െറ കുടുംബവും വിധിയില്‍ തൃപ്തരല്ല. ഇതുംകൂടി കണക്കിലെടുത്താണ് പ്രോസിക്യൂഷനും അപ്പീലിനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.