കോര്‍പറേഷന്‍ പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട്; വിജിലന്‍സ് അന്വേഷിക്കും

തൃശൂര്‍: കോര്‍പറേഷനിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2014-15ല്‍ വിവിധ മേഖലകളിലെ നിര്‍മാണ പ്രവൃത്തികളില്‍ കരാറുകാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച, പ്രവൃത്തികള്‍ പരിശോധിക്കുന്നതില്‍ വന്ന ഉദ്യോഗസ്ഥ വീഴ്ച എന്നിവ സംബന്ധിച്ചാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. മുന്‍ ഭരണസമിതിയുടെ കാലത്ത് കൗണ്‍സില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫയല്‍ പൂഴ്ത്തുകയായിരുന്നു. കൊക്കാലെ കംഫര്‍ട്ട് സ്റ്റേഷന്‍, ശിവരാമപുരം കോളനിയിലെ കമ്യൂണിറ്റി ഹാള്‍, അരണാട്ടുകര യു.പി സ്കൂളിന്‍െറ ടൈലിങ്, അയ്യന്തോള്‍ കൃഷിഭവന്‍ തുടങ്ങി 13 നിര്‍മാണ പ്രവൃത്തികളില്‍ വന്‍ ക്രമക്കേട് നടന്നെന്നാണ് കണ്ടത്തെിയത്. നിലവാരം കുറഞ്ഞ വിധത്തിലാണ് തേപ്പുപണി ഉള്‍പ്പെടെ നടത്തിയതെന്നും ചിലേടത്ത് മണ്ണ് അടരുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര സിമന്‍റ് ഉപയോഗിക്കാത്തതു കൊണ്ടാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. കംഫര്‍ട് സ്റ്റേഷന്‍െറ നാല് മതിലും നിലവാരമില്ലാത്ത വിധത്തിലാണ്. കല്ലുകള്‍ ഇളകിയിട്ടുണ്ട്. കരാറുകാരുടെ പ്രവൃത്തികള്‍ ഗുണമേന്മ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ടോ എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരുന്നു. പുല്ലഴി കൃഷിഭവന്‍, ഒല്ലൂക്കര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടാണ് കണ്ടത്തെിയത്. ബില്ലും എസ്റ്റിമേറ്റും ഇല്ലാതെയാണ് പണികള്‍ നടത്തിയത്. അന്തിമ ബില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പുതുക്കിയ എസ്റ്റിമേറ്റ് നല്‍കിയത് വീഴ്ചയാണ്. അസി. എന്‍ജിനീയറും ചീഫ് എന്‍ജിനീയറും അസി.എക്സി. എന്‍ജിനീയറും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദാന്വേഷണം നടത്താനും നിര്‍വഹണ ഉദ്യോഗസ്ഥരുടെ മറുപടി പരിശോധിക്കാനും എന്‍ജിനീയറിങ് കോളജ് സിവില്‍ വിഭാഗത്തിന്‍െറ സഹായം തേടി കത്ത് നല്‍കിയെങ്കിലും അവര്‍ പരിശോധനക്ക് തയാറായില്ല. ഇക്കാര്യത്തിലെ നടപടി ആവശ്യപ്പെട്ടായിരുന്നു അജണ്ട. വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്ന് സി.പി.എമ്മിലെ പി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതോടെ വി.കെ. സുരേഷ്കുമാറും ബി.ജെ.പിയിലെ എം.എസ്. സമ്പൂര്‍ണയും അതിനെ പിന്തുണച്ചു. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായി. വിജിലന്‍സ് അന്വേഷണ ആവശ്യത്തെ എതിര്‍ക്കാനാകാതെ വന്നതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ജേക്കബ് പുലിക്കോട്ടിലും പിന്തുണച്ചു. ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.