ഇരിങ്ങാലക്കുടയില്‍ 159 കോടിയുടെ പദ്ധതികള്‍

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തില്‍ 159 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്നു. 13 കോടി ചെലവിട്ട് നിര്‍മിക്കുന്ന നാല് പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പ്രവൃത്തികളുടെ നടത്തിപ്പ് സംബന്ധിച്ച് ഉന്നതതല അവലോകനം തിരുവനന്തപുരത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറയും ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍െറയും സാന്നിധ്യത്തില്‍ നടന്നു. ചേലൂര്‍ അരിപ്പാലം റോഡ്, കൊമ്പൊടിഞ്ഞാമാക്കല്‍ കുണ്ടുപാടം റോഡ്, പോട്ട മൂന്നുപീടിക റോഡിന്‍െറ ചന്തക്കുന്നു മുതല്‍ മൂന്നുപീടിക വരെ ഭാഗം, ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിന്‍െറ കിഴുത്താണി മുതല്‍ പറയന്‍കടവ് വരെ ഭാഗം എന്നിവയാണ് ഉടന്‍ നിര്‍മാണമാരംഭിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഭരണാനുമതി ലഭിച്ച കാക്കത്തുരുത്തി മതിലകംറോഡ്, പുല്ലൂര്‍ ജങ്ഷനില്‍ അപകട വളവ് നേരെയാക്കല്‍, ഇരിങ്ങാലക്കുട ഗവ.ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് ഒരുകോടിയുടെ പുതിയ കെട്ടിടം, ഠാണ-കൂടല്‍മാണിക്യം റോഡ് സൗന്ദര്യവത്കരണം എന്നിവ ഉടന്‍ തുടങ്ങും. എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം പ്രയോജനപ്പെടുത്തി നടവരമ്പ് കല്ലംകുന്ന് റോഡ്, 32 ലക്ഷം രൂപ മുടക്കി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം എന്നിവയും ഉടന്‍ ആരംഭിക്കും. 63 ലക്ഷം ചെലവഴിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 12 ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കും. ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനം 22 ന് ഉദ്ഘാടനം ചെയ്യാനും തീരുമാനമായി. രണ്ട് കോടിയുടേതാണ് പദ്ധതി. പൊതുമരാമത്ത് ഗെസ്റ്റ് ഹൗസില്‍ പുതിയ ഗാന്ധി പ്രതിമയുടെ അനാവരണം അടുത്തമാസം നടത്താന്‍ തീരുമാനിച്ചു. ആളൂര്‍ പി.എച്ച്.സി. കെട്ടിടം, വെള്ളാഞ്ചിറ കമ്യൂണിറ്റി ഹാള്‍, സ്കൗട്ട് ആന്‍റ് ഗൈഡ്സ് കെട്ടിടം, കാട്ടൂര്‍ മെഡിക്കല്‍ ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയവ ഉടന്‍ നിര്‍മാണമാരംഭിക്കും. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 66.50 ലക്ഷം രൂപ എസ്റ്റിമേറ്റുള്ള മൂന്ന് റോഡുകളുടെ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി. പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ സതീശന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബെന്നി, എക്സി.എന്‍ജിനീയര്‍ ടി.കെ.ബല്‍ദേവ്, അസി. എക്സി. എന്‍ജിനീയര്‍മാരായ അശോകന്‍, സത്യന്‍, ബില്‍ഡിങ് വിഭാഗം എക്സി. എന്‍ജിനീയര്‍ ടി.പി. ബെന്നി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.