മരണപ്പാച്ചില്‍ പതിവാക്കി സ്വകാര്യ ബസുകള്‍

കയ്പമംഗലം: യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പിക്കാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. വാതിലില്ലാതെയും അമിത വേഗത്തിലും ഓടുന്ന വണ്ടികളെ നിയന്ത്രിക്കാന്‍ കഴിയാതെ മോട്ടോര്‍ വാഹന വകുപ്പും വിയര്‍ക്കുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തുന്നവര്‍ക്ക് നാമമാത്ര ശിക്ഷ മാത്രമാണ് ലഭിക്കുന്നത്. ഗുരുവായൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ലോക്കല്‍- ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ അപകടം ഉണ്ടാക്കുന്നതില്‍ മത്സരിക്കുകയാണ്. വെള്ളിയാഴ്ച വാതില്‍ അടക്കാതെ അമിത വേഗത്തില്‍ വളച്ചെടുത്ത ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരന്‍ തല തകര്‍ന്ന് ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിരുന്നു. പാലപ്പെട്ടി വളവില്‍ ഉണ്ടായ അപകടത്തില്‍ പെരിഞ്ഞനം സ്വദേശി ഷണ്‍മുഖനാണ് മരിച്ചത്. ബസുകാരുടെ നിരുത്തരവാദിത്തത്തിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നപ്പോഴേക്കും പൊലീസ് ഇടപെടുകയായിരുന്നു. അപകടം നടന്നതിന് അടുത്ത ദിവസവും വാതിലടക്കതെയുള്ള മരണപ്പാച്ചിലിന് അറുതിയുണ്ടായില്ല. ഇതില്‍ ചില ബസുകള്‍ക്കെതിരെ നടപടി എടുത്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ റൂട്ടില്‍ സ്ഥിരം അപകടമുണ്ടാക്കുന്ന ഒരു ബസ് പുന്നക്കബസാറില്‍ ഒരു അധ്യാപികയെ ഇടിച്ചു തെറിപ്പിച്ചത് കഴിഞ്ഞ മാസമാണ്. ഗുരുതര പരിക്കേറ്റ അധ്യാപിക തല്‍ക്ഷണം മരിച്ചു. അടുത്തടുത്ത ദിവസങ്ങളില്‍ ഈ ബസ് തന്നെ 25 ാം കല്ലിലും മൂത്തകുന്നത്തും യാത്രക്കാരെ ഇടിച്ചു. ഈ ബസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വാതിലില്ലാതെയും അമിത വേഗത്തിലും പായുന്ന വാഹനങ്ങള്‍ക്ക് ‘അപകടകരമായ ഡ്രൈവിങ്’ എന്ന രീതിയില്‍ 1000 രൂപയുടെ പിഴ ഈടാക്കാനേ മോട്ടോര്‍ വാഹന വകുപ്പിന് നിയമമുള്ളൂ. ഈ തുക നിഷ്പ്രയാസം അടച്ച് വീണ്ടും മത്സരയോട്ടം തുടരുക എന്നതാണ് ബസുകളുടെ രീതി. അപകടം വരുത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള കടുത്ത നടപടികള്‍ ഉണ്ടെങ്കിലേ മരണപ്പാച്ചിലിനും നിയമ ലംഘനത്തിനും അറുതിയുണ്ടാകൂ എന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.