മാളയുടെ മനം കവര്‍ന്ന് ‘മാധ്യമം’കലാസന്ധ്യ

മാള: മലയാളിക്ക് നേരിന്‍െറ വായനാനുഭവവും വേറിട്ട സംസ്കാരവും പകര്‍ന്ന ‘മാധ്യമം’ കുടുംബത്തിന്‍െറ കലോപഹാരമായ കലാസന്ധ്യ മാള നെഞ്ചേറ്റി. മലയാളിയുടെ ഭാവഗായകന്‍ ജി. വേണുഗോപാല്‍ അണിയിച്ചൊരുക്കിയ ഗാനമേളയും കോഴിക്കോട് റിഥത്തിന്‍െറ അക്രോബാറ്റിക്സും തിരുവാതിരയും മാര്‍ഗംകളിയും ഒപ്പനയും കോല്‍ക്കളിയും ഒരു ചരടില്‍കോര്‍ത്ത കലാസന്ധ്യ കടലിലെ തിരമാല പോലെ എത്തിയ ‘മാധ്യമം’ സ്നേഹികളുടെ മനം കവര്‍ന്നു. മാള ഹോളിഗ്രേസ് അക്കാദമി കാമ്പസില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് കലാസന്ധ്യക്ക് പ്രൗഢതുടക്കമായത്. 1987ല്‍ വെള്ളിമാടുകുന്നില്‍ നിന്നും വാര്‍ത്താമാധ്യമങ്ങളില്‍ വഴിത്തിരിവായി പിറവിയെടുത്ത മാധ്യമത്തിന്‍െറ നാള്‍വഴികള്‍ പകര്‍ന്ന് നല്‍കിയാണ് തുടക്കം. മലയാളസിനിമയുടെ അനുഗ്രഹീത സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ ഉദ്ഘാടനം ചെയ്തു. മാധ്യമം പീരിയോഡിക്കല്‍ എഡിറ്ററും സാഹിത്യകാരനുമായ പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കലാസന്ധ്യയുടെ നായകനായ ജി. വേണുഗോപാല്‍ സംസാരിച്ചു. മാള സി.ഐ എം. സുരേന്ദ്രന്‍, ഹോളിഗ്രേസ് അക്കാദമി ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സംവിധായകന്‍ കമലിന് പി.കെ. പാറക്കടവും കവി റഫീക്ക് അഹമ്മദിന് ജി. വേണുഗോപാലും മാധ്യമത്തിന്‍െറ ഉപഹാരം സമ്മാനിച്ചു. കൊടുങ്ങല്ലൂര്‍ ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജര്‍ കെ.യു. യൂസഫിന് മാധ്യമം തൃശൂര്‍ യൂനിറ്റ് റസിഡന്‍റ് മാനേജര്‍ സി.പി. മുഹമ്മദും കൊടുങ്ങല്ലൂര്‍ സീഷോര്‍ റസിഡന്‍സി സി.ഇ.ഒ എം.കെ. സൈഫുദ്ദീന് മാധ്യമം അഡൈ്വര്‍ട്ടൈസിങ് മാര്‍ക്കറ്റിങ് മാനേജര്‍ ജുനൈസും ഹോളിഗ്രേസ് അക്കാദമി സ്കൂള്‍ ചെയര്‍മാന്‍ ജോസ് കണ്ണമ്പള്ളിക്ക് മാധ്യമം ന്യൂസ് എഡിറ്റര്‍ പി.പി. കബീറും പുളിമൂട്ടില്‍ സില്‍ക്സ് ജനറല്‍ മാനേജര്‍ വിജയമോഹന് സര്‍ക്കുലേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹ്സിന്‍അലിയും ഉപഹാരം സമ്മാനിച്ചു. ദലിത് രാഷ്ട്രീയത്തിന്‍െറ അകവും പുറവും വെളിപ്പെടുത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ പുതിയലക്കം കമല്‍, ഹോളിഗ്രേസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ സാനി എടാട്ടുകാരന് കൈമാറി. തുടര്‍ന്ന് വേണുഗോപാല്‍ ഏതോ വാര്‍മുകിലിന്‍... എന്ന് തുടങ്ങിയ ഗാനം ആലപിച്ച് ഉദ്ഘാടനചടങ്ങ് അവസാനിപ്പിച്ച് ഗാനമേളക്ക് തുടക്കം കുറിച്ചു. മാള സെന്‍റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതിരിപ്പിച്ച മാര്‍ഗംകളി വേദിയെ ധന്യമാക്കി. കൊടുങ്ങല്ലൂര്‍ എം.ഐ.ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പനയും കോഴിക്കോട് റിഥത്തിന്‍െറ അക്രോബാറ്റിക്ഷോയും കാണികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ കോല്‍ക്കളിയും മതിലകം സെന്‍റ് ജോസഫ് സ്കൂളിന്‍െറ തിരുവാതിരയും സ്വരമാധുരിയില്‍ അലിഞ്ഞ ഗാനമേളയും സമ്മേളിച്ച കലാസന്ധ്യ സമാപിച്ചപ്പോള്‍ കുടുംബത്തിനൊപ്പം അനര്‍ഘനിമിഷങ്ങള്‍ ആസ്വാദിച്ച് മാധ്യമം സ്നേഹികള്‍ വിടപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.