തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസക്ക് സമീപം കാര്‍ യാത്രക്കാരെ അപമാനിക്കുകയും ടോള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ചാലക്കുടി ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി. കാസര്‍കോട് ക്രൈം ഡിറ്റാച്ച്മെന്‍റിലേക്കാണ് മാറ്റം. മാധ്യമ വാര്‍ത്തകളുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാട്സ്ആപ് സെല്ലില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ മന്ത്രി നേരിട്ടാണ് നടപടിയെടുത്തത്. പത്തനംതിട്ട ക്രൈംബ്രാഞ്ചിലെ എസ്. സാജുവിനെ ചാലക്കുടി ഡിവൈ.എസ്.പിയായി നിയമിച്ചതായി ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്തിന് സമാന്തര പാതയിലൂടെ കാറില്‍ സഞ്ചരിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഹരി റാമിനെയും കുടുംബത്തെയും മഫ്ടിയിലത്തെിയ രവീന്ദ്രന്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് പരാതി. പഞ്ചായത്ത് റോഡ് പ്രദേശവാസികളുടേതാണെന്നും മറ്റുള്ളവര്‍ ടോള്‍ നല്‍കി യാത്ര ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. രേഖകള്‍ ബലമായി പിടിച്ചു വാങ്ങിയ രവീന്ദ്രന്‍, ഹരി റാമിനോട് ഓഫിസിലത്തൊന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം എഴുതി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ഭാര്യയോടും രണ്ടര വയസ്സുള്ള കുഞ്ഞിനോടുമൊപ്പം സമരം ചെയ്യാനായിരുന്നു ഡിവൈ.എസ്.പിയുടെ ഉപദേശം. ഇതിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവത്തില്‍ ഡി.ജി.പി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിവൈ.എസ്.പിക്ക് വീഴ്ചപറ്റിയെന്നാണ് നടപടി ശിപാര്‍ശ ചെയ്ത് തൃശൂര്‍ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് റേഞ്ച് ഐ.ജി ആര്‍. അജിത്കുമാറിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. എസ്.പി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെ, ടോള്‍പ്ളാസയില്‍ വാഹന പാസ് ലഭിക്കാന്‍ കാലതാമസമുള്ളതായി പരാതിപ്പെട്ടയാളെ ഓഫിസില്‍ വിളിച്ചുവരുത്തി പുതുക്കാട് സി.ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിലും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.