ലാലൂരിലെ പുല്ലും മാലിന്യവും നാളെ മുതല്‍ നീക്കും

തൃശൂര്‍: ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ പുല്ലും മാലിന്യവും നീക്കം ചെയ്ത് ജൈവ പച്ചക്കറി കൃഷി നടത്തുമെന്ന് മേയര്‍ അജിത ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച 600 ശുചീകരണ തൊഴിലാളികളെ അണിനിരത്തി പ്രവൃത്തി തുടങ്ങും. ഭാവിയില്‍ ജൈവ പച്ചക്കറി കൃഷിയിറക്കാനാണ് തീരുമാനം. ലാലൂരില്‍ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പലപ്പോഴും പുല്ലിനാണ് തീപിടിക്കുന്നത്. ലാലൂരിനെ മാലിന്യത്തില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് മാലിന്യം നിരത്തി മുകളില്‍ മണ്ണിട്ട് മൂടി ജൈവ പച്ചക്കറികൃഷി തുടങ്ങും. മണ്ണിന്‍െറ ഗുണപരിശോധനക്ക് ശേഷമേ കൃഷിയിറക്കൂ. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൈയേറ്റം ഉണ്ടെങ്കില്‍ ഒഴിവാക്കും. ബജറ്റില്‍ കോര്‍പറേഷന്‍ വികസന പ്രവൃത്തികളുടെ രൂപരേഖ വിശദമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുന്‍ ഭരണസമിതി നടപ്പാക്കിയ വികസന പ്രവൃത്തികളുടെ തുടര്‍നടപടിയുണ്ടാകും. 25 ഏക്കര്‍ വരുന്ന ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ട് പുല്ലുപിടിച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്. തല്‍ക്കാലം അവിടേക്ക് മാലിന്യം കൊണ്ടുപോകില്ല. ലാലൂരിനെ കൃത്യമായ നടപടികളോടെ മാലിന്യ രഹിതമാക്കും. അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാവും. അത് ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ളെന്ന് മേയര്‍ പറഞ്ഞു. നഗരത്തില്‍ ചുരുങ്ങിയത് 50 ശൗചാലയങ്ങളെങ്കിലും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതിന്‍െറ നടത്തിപ്പ് മറ്റ് സംഘടനകള്‍ക്ക് ഏല്‍പിക്കണോ എന്ന് തീരുമാനിക്കും. വടക്കേ സ്റ്റാന്‍ഡിലും മറ്റുമായി ആധുനീക ശൗചാലയ കോംപ്ളക്സുകള്‍ നിര്‍മിച്ചു നല്‍കും. പടിഞ്ഞാറേ കോട്ട, കിഴക്കേകോട്ട വികസനത്തിനു വഴിയൊരുങ്ങിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍ കൃത്യസമയത്ത് ഡിവിഷനുകളില്‍ പണിയെടുക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു. ഭരണസമിതിക്ക് ഒന്നരമാസം മാത്രമാണ് പ്രായമെന്നും അടുത്ത ബജറ്റ് വരുന്നതോടെസമഗ്രമായ വികസനകാഴ്ചപ്പാടോടെ പദ്ധതികള്‍ അവതരിപ്പിക്കാനാവുമെന്നും അവര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.എല്‍. റോസി, പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.