തൃശൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കേറിയ ദിവാന്‍ജിമൂല-പൂത്തോള്‍ റോഡിലെ വീതിയേറിയ മേല്‍പാലം യാഥാര്‍ഥ്യത്തിലേക്ക്. പാലം നിര്‍മാണത്തിനുള്ള ടെന്‍ഡറിന് ഈ ആഴ്ച ചേരുന്ന ടെന്‍ഡര്‍ കമ്മിറ്റിയോഗത്തില്‍ അംഗീകാരമാകുമെന്നും കരാര്‍ നല്‍കി താമസിയാതെ പണി തുടങ്ങാനാകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആറുമാസത്തിനകം പണിതീര്‍ക്കാനാണ് കരാര്‍. പക്ഷെ പാലം നിര്‍മാണത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും അപ്രോച്ച് റോഡ് നിര്‍മിക്കുകയും ചെയ്യേണ്ട കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടന്നിട്ടില്ല. കേന്ദ്രറെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം തൃശൂരിലത്തെുമെന്ന് പ്രതീക്ഷിച്ച്, അപ്രോച്ച് റോഡ് സൗകര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തേടാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കിയത് മൂലം നടന്നില്ല. നിലവിലുള്ള പാലത്തിന്‍െറ വടക്കുഭാഗത്ത് 23 മീറ്റര്‍ നീളത്തില്‍ രണ്ടുവരിയില്‍ റോഡും വടക്ക് ഭാഗത്ത് 1.5 മീറ്ററില്‍ നടപ്പാത സഹിതം 10 മീറ്റര്‍ വീതിയിലുമാണ് ആദ്യഘട്ടം പാലം നിര്‍മിക്കുന്നത്. പാലം പണി തുടങ്ങണമെങ്കില്‍ മൂന്ന് കുടിലുകള്‍ പൊളിച്ചുനീക്കണം. ഇവര്‍ക്ക് നേരത്തെ കിരാലൂരില്‍ സ്ഥലം അനുവദിച്ചതാണെന്ന് വാദമുണ്ടെങ്കിലും ഇവരെ പുരനരധിവസിപ്പിക്കാന്‍ കോര്‍പറേഷന്‍ നടപടിയൊന്നും ആലോചിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ക്ക് മുന്‍വശം മുതല്‍ 25 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡിന്, ബ്രിഡ്ജസ് കോര്‍പറേഷന്‍ ആഗസ്റ്റില്‍ തയാറാക്കി നല്‍കിയ പ്ളാന്‍ കൗണ്‍സില്‍ അംഗീകരിച്ചതാണെങ്കിലും റോഡ് നിര്‍മാണത്തിന് ഒരുവിധ നടപടിയും അഞ്ച് മാസമായി കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം സ്വീകരിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ വീതികൂട്ടാന്‍ റെയില്‍വേയുടെ വക സ്ഥലമാണ് പ്രധാനമായും ആവശ്യം. റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി നല്‍കാമെന്ന് അഞ്ച് വര്‍ഷംമുമ്പ് റെയില്‍വേ ജനറല്‍ മാനേജര്‍ പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ സ്ഥലം വിട്ടുകിട്ടാന്‍ അപേക്ഷപോലും കോര്‍പറേഷന്‍ നല്‍കിയിട്ടില്ല. ബാക്കി സ്ഥലത്തിന് സ്ഥലമെടുപ്പ് നടപടികളും ആരംഭിക്കാനുണ്ട്. മാത്രമല്ല പാലത്തിന് തെക്കുഭാഗത്തുള്ള കൈയേറ്റക്കാരെയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. പാലം നിര്‍മാണതിന് റെയില്‍വേ ആവശ്യപ്പെട്ട 6.13 കോടിരൂപ, വൈദ്യുതി വിഭാഗം ഫണ്ടില്‍ നിന്നെടുത്ത് കഴിഞ്ഞ ജൂണില്‍ കോര്‍പറേഷന്‍ റെയില്‍വേക്ക് കൈമാറിയിരുന്നു. അപ്രോച്ച് റോഡിന് ആവശ്യമായ ഫണ്ട് എം.എല്‍.എ ഫണ്ടില്‍നിന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ വാഗ്ദാനം ചെയ്തതാണ്. എം.എല്‍.എയുടെ കാലാവധി തീരാനിരിക്കെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ആ ഫണ്ടും നഷ്ടമാകാവുന്ന സാഹചര്യമാണിപ്പോള്‍. ആദ്യഘട്ടം അപ്രോച്ച് റോഡ് നിര്‍മാണത്തിന് അടിയന്തരനടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കാത്തപക്ഷം ഉണ്ടാകാവുന്ന കാലതാമസം പാലം നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കുമെന്ന് റെയില്‍വേ അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.