നിശാഗന്ധി സര്‍ഗോത്സവത്തിന്‍െറ കവാടം നാട്ടുകാര്‍ പൊളിച്ചു

ഗുരുവായൂര്‍: നഗരസഭ സംഘടിപ്പിച്ച നിശാഗന്ധി സര്‍ഗോത്സവത്തിന്‍െറ കവാടം നാട്ടുകാര്‍ പൊളിച്ചുനീക്കി. സ്വകാര്യ സ്ഥാപനം ടെന്‍ഡര്‍ എടുത്ത് നടത്തുന്ന പുഷ്പോത്സവത്തിന്‍െറ ടിക്കറ്റെടുത്താലേ കലാപരിപാടികള്‍ കാണാന്‍ കഴിയൂ എന്നതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐയുടെ സഹായത്തോടെ ഗേറ്റ് പൊളിച്ചത്. ശനിയാഴ്ച രാത്രിയാണ് പൊളിച്ചത്. വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പിരിവെടുത്താണ് നഗരസഭ സര്‍ഗോത്സവം സംഘടിപ്പിച്ചത്.ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായാണ് നഗരസഭ പുഷ്പോത്സവവും സര്‍ഗോത്സവവും സംഘടിപ്പിച്ചിട്ടുള്ളത്. പുഷ്പോത്സവം സ്വകാര്യ സ്ഥാപനം ടെന്‍ഡര്‍ എടുത്തിരിക്കുകയാണ്. പുഷ്പോത്സവം നടക്കുന്ന മൈതാനത്തില്‍ തന്നെയുള്ള സായാഹ്നങ്ങളിലെ കലാഅവതരണ പരിപാടിയായ സര്‍ഗോത്സവം നഗരസഭ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതിന് സ്പോണ്‍സര്‍ഷിപ്പെന്ന പേരില്‍ സ്ഥാപനങ്ങളില്‍നിന്നും നഗരസഭയുമായി ബന്ധപ്പെടുന്ന കരാറുകാരില്‍നിന്നുമെല്ലാം വന്‍തോതില്‍ പിരിവ് നടക്കുന്നുണ്ട്. എന്നാല്‍, പുഷ്പോത്സവം കാണുന്നവര്‍ക്ക് മാത്രം സര്‍ഗോത്സവം കാണാനാവുന്ന വിധത്തിലാണ് പ്രവേശം ക്രമീകരിച്ചിട്ടുള്ളത്. സര്‍ഗോത്സവം നടക്കുന്ന ഭാഗത്ത് കവാടമുണ്ടെങ്കിലും അത് തുറക്കാറില്ല. ഇതിനെതിരെ രണ്ട് ദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭയെ സമീപിച്ചിരുന്നു. സര്‍ഗോത്സവം സൗജന്യമാക്കാമെന്ന് സമ്മതിച്ചെങ്കിലും അത് നടപ്പാക്കിയില്ല. ശനിയാഴ്ച രാത്രി കലാപരിപാടികള്‍ നടക്കുമ്പോള്‍ സര്‍ഗോത്സവ വേദിക്ക് സമീപമുള്ള ഗേറ്റിലൂടെ കടക്കാനത്തെിയ ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളടക്കമുള്ളവരെ തടഞ്ഞു. ഇതേ തുടര്‍ന്നാണ് കവാടം പൊളിച്ചുനീക്കിയത്. നഗരസഭയുടെ പേരില്‍ പിരിവെടുത്ത് നടത്തുന്ന കലാവിരുന്ന് ആസ്വദിക്കാന്‍ പുഷ്പോത്സവത്തിന്‍െറ ടിക്കറ്റെടുക്കണമെന്ന നിബന്ധന അംഗീകരിക്കാനാവില്ളെന്ന് കവടാം പൊളിച്ചവര്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരും അംഗീകരിച്ച കാര്യങ്ങള്‍ ചില ‘നടത്തിപ്പുകാര്‍’ അട്ടിമറിച്ചതാണ് പ്രശ്നത്തിന് കാരണമത്രേ. സര്‍ഗോത്സവത്തിനായി നഗരസഭ സംഘാടകസമിതി രൂപവത്കരിച്ചെങ്കിലും യോഗം ചേര്‍ന്നില്ല. ചില ഇവന്‍റ്മാനേജ്മെന്‍റുകാര്‍ ഇത്തവണ സര്‍ഗോത്സവ നടത്തിപ്പില്‍ നുഴഞ്ഞുകയറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.