ഗുരുവായൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. ഗുരുവായൂര്‍ ഉത്സവത്തിന്‍െറ ആറാം നാളായ വ്യാഴാഴ്ച വൈകീട്ടുള്ള കാഴ്ചശീവേലിക്കാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. ഗുരുവായൂര്‍ പത്മനാഭന്‍ കോലമേറ്റി. തിങ്കളാഴ്ച ഉത്സവം സമാപിക്കുന്നതുവരെ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനും സ്വര്‍ണക്കോലം എഴുന്നള്ളിക്കും. കനത്ത സുരക്ഷാ സന്നാഹത്തിലാണ് ക്ഷേത്രത്തിലെ ഇരട്ട ലോക്കറില്‍ നിന്ന് സ്വര്‍ണക്കോലം പുറത്തെടുത്തത്. ആറാം ദിവസത്തെ പ്രത്യേകതയായ രാവിലെയുള്ള ശീവേലിയുടെ വക കൊട്ടലും ശ്രദ്ധേയമായി. ഗുരുവായൂര്‍ ഉത്സവത്തിലെ താന്ത്രിക പ്രധാന ചടങ്ങായ ഉത്സവബലി ശനിയാഴ്ച നടക്കും. പാണികൊട്ടി ഭഗവാന്‍െറ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഉത്സവബലി. രാവിലെ പന്തീരടി പൂജക്കുശേഷം ചടങ്ങ് തുടങ്ങും. സങ്കീര്‍ണമായ താന്ത്രിക ചടങ്ങുകളുള്ള ഉത്സവ ബലി തന്ത്രിയാണ് നിര്‍വഹിക്കുക. കിഴക്കേ നടയിലെ വലിയ ബലിക്കല്ലിനും നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കള്‍ക്കും ഹവിസ് തൂകുന്ന ഉത്സവ ബലി സമയത്ത് ദര്‍ശനത്തിനായി ആയിരങ്ങള്‍ ക്ഷേത്രത്തിലത്തെും. ഉത്സവബലിദിവസം സര്‍വചരാചരങ്ങള്‍ക്കും ഭക്ഷണം നല്‍കണമെന്ന സങ്കല്‍പത്തില്‍ ദേശപ്പകര്‍ച്ചയും സദ്യയും തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.