വീട്ടുമുറ്റത്തെ ഓട്ടോറിക്ഷ കത്തിച്ചു; മൂന്നുപേര്‍ പിടിയില്‍

കൊടകര: കനകമലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. നാലുമണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് പിടികൂടി. കനകമലയില്‍ വാടകക്ക് താമസിക്കുന്ന കാവുങ്ങല്‍ അനീഷിന്‍െറ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഒരു സംഘം തീ വെച്ചത്. സംഭവത്തില്‍ പോട്ട വെട്ടുക്കല്‍ ഷെഫീഖ് (28), ചാത്തനായിപറമ്പില്‍ ജിസാന്‍(23), മുത്തിരിപറമ്പില്‍ ബാഷ എന്ന നിഷാദ് (26 )എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. ഓട്ടോ പൂര്‍ണമായി കത്തിനശിച്ചു. തീ കത്തുന്നത് കണ്ട കനകമല കുരിശുമുടി കയറാന്‍ പോകുന്ന തീര്‍ഥാടകരാണ് വീട്ടുകാരെ വിളിച്ചുണര്‍ത്തിയത്. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോയിലേക്ക് പടരുന്നതിന് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അനീഷും കുടുംബവും താമസിക്കുന്ന വാടകവീടിന്‍െറ ഭിത്തി കരിയും പുകയും പടര്‍ന്ന് നാശമായി. അനീഷ് വാടകക്കെടുത്ത് ഓടിക്കുന്ന ഓട്ടോയാണ് കത്തിനശിച്ചത്. വിവരമറിഞ്ഞത്തെിയ പൊലീസ് വീട്ടുകാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി രാത്രി രണ്ടോടെ പ്രതികളെ പിടികൂടി. ഷെഫീഖില്‍ നിന്ന് അനീഷ് കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിലെ വൈരാഗ്യം മൂലമാണ് ഷെഫീഖിന്‍െറ ബന്ധുക്കളായ ജിസാനും നിഷാദും ചേര്‍ന്ന് ഓട്ടോറിക്ഷ കത്തിച്ചതെന്ന് കൊടകര സി.ഐ സി. യൂസഫ് പറഞ്ഞു. വെള്ളിക്കുളങ്ങര എസ്.ഐ എം.ബി. സിബിന്‍, കൊടകര ഗ്രേഡ് എസ്.ഐ. ഡെന്നീസ്, സീനിയര്‍ സി.പി.ഒ മാരായ ജസ്റ്റിന്‍, സൈമന്‍, സിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.