മാളയുടെ സ്വപ്നങ്ങള്‍ യൂറോപ്പിലേക്ക് പറക്കുന്നു

മാള: നീണ്ട കാത്തിരിപ്പിനൊടുവില്‍ പുത്തന്‍ചിറയിലെ കെ. കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിങ് മില്‍ യന്ത്രങ്ങള്‍ ചലിച്ചു തുടങ്ങുന്നു. നിര്‍മാണം തുടങ്ങി 22 വര്‍ഷത്തിന് ശേഷം ചൊവാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മില്‍ നാടിന് സമര്‍പ്പിക്കും. 1993ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അവിദഗ്ധരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനായി അനുവദിച്ച സ്പിന്നിങ് മില്ലാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ആദ്യഘട്ടമായി 6000 കതിരുകള്‍ (സ്പിന്‍റില്‍) സ്ഥാപിക്കാനായി 8.5 കോടിയുടെ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ വിഹിതമായി 3.25 കോടി രൂപ നല്‍കി. ്ര പമോട്ടര്‍മാരുടെ വിഹിതമായ 62.45 ലക്ഷം രൂപ വിനിയോഗിച്ച് 9.77 ഏക്കര്‍ ഭൂമി വാങ്ങി. 65,000 ചതുരശ്രയടി ഫാക്ടറി കെട്ടിടം ഭാഗികമായി പൂര്‍ത്തീകരിച്ചു. കാന്‍റീന്‍ കെട്ടിടം പൂര്‍ത്തിയായി. എന്നാല്‍ ബാക്കി പണികള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാകാതിരുന്നതോടെ നിര്‍മാണം നിലച്ചു. ഓഹരി ഉടമകള്‍ നിരന്തരം സമരം നടത്തിയിട്ടും ഫലമുണ്ടായില്ല. 7296 കതിരുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ മുന്‍ എം.എല്‍.എ ടി.യു. രാധാകൃഷ്ണന്‍ ചെയര്‍മാനായ ഭരണസമിതി നല്‍കിയ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതോടെ മില്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. 24.14 കോടി രൂപ വരുന്ന പദ്ധതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതുവരെ 13.50 കോടി രൂപ നല്‍കി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ 6.76 കോടി രൂപ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അത്യാധുനിക യന്ത്രസാമഗ്രികളാണ് മില്ലില്‍ സ്ഥാപിച്ചത്. ലോകത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ 7296 കതിരുകളുള്ള കോയമ്പത്തൂര്‍ ലക്ഷ്മി മിഷ്യന്‍ വര്‍ക്സിന്‍െറ യന്ത്രവും ഇതില്‍പെടും. 1824 കതിരുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ഇതിനുപുറമെ 16, 000 കതിരുകളുള്ള മെഷീന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ഡി പി.എസ്. രാജീവ്, ചെയര്‍മാന്‍ ടി.യു. രാധാകൃഷ്ണന്‍, ഡയറക്ടര്‍ ശാന്ത ജോണി, ആന്‍റണി പയ്യപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.