തൃശൂരിലെ വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍മാരെ സ്ഥലംമാറ്റി

തൃശൂര്‍: മുഖ്യമന്ത്രിക്കും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, സി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിയിലെ വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍മാരായ വി.കെ. ഷൈലജന്‍, രഞ്ജിത്ത് എന്നിവരെ സ്ഥലം മാറ്റി. അഡ്വ. ഷൈലജനെ തലശേരിയിലേക്കും അഡ്വ. രഞ്ജിത്തിനെ മൂവാറ്റുപുഴയിലേക്കുമാണ് മാറ്റിയത്. രണ്ടും പുതിയ വിജിലന്‍സ് കോടതികളാണ്. മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വിവാദ വ്യവസായിയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി നേരിട്ട പി.കെ. മുരളീകൃഷ്ണനാണ് തൃശൂരില്‍ പുതിയ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍. കോട്ടയത്തുനിന്നാണ് മുരളീകൃഷ്ണനെ തൃശൂരിലേക്ക് മാറ്റിയത്. സ്ഥലംമാറ്റം സാധാരണ നടപടിക്രമമാണെന്നാണ് വിശദീകരണമെങ്കിലും ഉടന്‍ ചുമതലയേല്‍ക്കാനാണ് മുരളീകൃഷ്ണന് ഉത്തരവ്. മൂവാറ്റുപുഴയില്‍ ഈമാസം ആറിനും തലശേരിയില്‍ ശനിയാഴ്ചയുമാണ് പുതിയ വിജിലന്‍സ് കോടതികള്‍ തുടങ്ങിയത്. രണ്ടിടത്തും കോടതി നടപടികള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ഓഫിസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനം നടക്കുന്നതിനു മുമ്പാണ് തിരക്കിട്ട് ലീഗല്‍ അഡൈ്വസര്‍മാരെ നിയമിച്ചത്. അടുത്തകാലത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍നിന്ന് സര്‍ക്കാറിനും മന്ത്രിമാര്‍ക്കും പ്രഹരമാവുന്ന ഉത്തരവുകള്‍ ഉണ്ടായത് ലീഗല്‍ അഡൈ്വസര്‍മാരുടെ കഴിവുകേട് കാരണമാണെന്ന വിലയിരുത്തലിലാണ് രണ്ടുപേരെയും മാറ്റിയതെന്ന് അറിയുന്നു. പാമൊലിന്‍ കേസിലെ വിടുതല്‍ ഹരജി, ബാര്‍ കോഴ, സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട പരാതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസ് എന്നിവ ശരിയായി പ്രതിരോധിക്കുന്നതില്‍ അഭിഭാഷകര്‍ വരുത്തിയ വീഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും ത്വരിതാന്വേഷണത്തിലും സര്‍ക്കാറിനെതിരായ നിരീക്ഷണങ്ങള്‍ക്കും കാരണമായതെന്ന് കോണ്‍ഗ്രസിന്‍െറ അഭിഭാഷക സംഘടനക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ ഹാജരായ വി.കെ. ഷൈലജന്‍െറ വാദങ്ങളെ പാടെ നിരാകരിച്ച് മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് കോടതി ഉത്തരവിന് ഹൈകോടതി സ്റ്റേ അനുവദിച്ച കാലാവധി പൂര്‍ത്തിയാവാനിരിക്കെയാണ് ലീഗല്‍ അഡൈ്വസര്‍മാരെ മാറ്റിയത്. ആരോപണത്തത്തെുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന അഡ്വ. മുരളീകൃഷ്ണനെ മാസങ്ങള്‍ക്ക് മുമ്പാണ് കോട്ടയത്ത് നിയമിച്ചത്. മന്ത്രി കെ.എം. മാണിക്കെതിരായ കേസ് വിജിലന്‍സ് കോടതി പരിഗണിക്കുന്നതിനിടെ ഹരജിക്കാരനെതിരെ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് മുരളീകൃഷ്ണന് നേരെ കൈയേറ്റമുണ്ടായതും വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.