തൃശൂര്‍: ചാരിറ്റബ്ള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രൂപവത്കരിച്ച കേരള കലാമണ്ഡലം ഭരണസമിതിയുടെ പ്രവര്‍ത്തന കാലത്തിന് ഒരു മഹാകവിയില്‍നിന്ന് മറ്റൊരു മഹാകവിയിലേക്കുള്ള ദൂരമാണ്. മഹാകവി വള്ളത്തോള്‍ ചെയര്‍മാനായി 1930ലാണ് കലാമണ്ഡലം ഭരണസമിതി പ്രവര്‍ത്തനം തുടങ്ങിയത്. 2007ല്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയാവുമ്പോള്‍ അവസാന ഭരണസമിതിയുടെ ചെയര്‍മാനും ഒരു കവിയായിരുന്നു-ഒ.എന്‍.വി. കുറുപ്പ്. 1996ല്‍ ഇടതുപക്ഷ മന്ത്രിസഭയില്‍ ടി.കെ. രാമകൃഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരുന്നപ്പോഴാണ് ഒ.എന്‍.വി ആദ്യം കലാമണ്ഡലം ചെയര്‍മാനായത്. 2001 വരെ തുടര്‍ന്നു. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയാക്കാനുള്ള നീക്കങ്ങളുടെ മുളപൊട്ടിയത് അക്കാലത്താണ്. അന്ന് എന്‍. രാധാകൃഷ്ണന്‍ നായരായിരുന്നു സെക്രട്ടറി. കലാമണ്ഡലം അക്കാദമികമായും ഭരണപരമായും ഒൗന്നത്യം നേടിയ കാലമായിരുന്നു അത്. ലോകപ്രശസ്തരായ കലാകാരന്മാര്‍ നിളയില്‍ 1000 ദീപങ്ങള്‍ തെളിച്ച മാനവീയവും കേരളീയവും ഒ.എന്‍.വിയുടെ ആശയമായിരുന്നു. 2001ല്‍ യു.ഡി.എഫ് അധികാരമേറ്റപ്പോള്‍ സാംസ്കാരിക മന്ത്രിയായ ജി. കാര്‍ത്തികേയന്‍െറ നിര്‍ബന്ധപ്രകാരം ഒ.എന്‍.വി കുറച്ചുകാലം ചെയര്‍മാനായി തുടര്‍ന്നെങ്കിലും പൊരുത്തക്കേടുകള്‍ തുടങ്ങിയതോടെ ഒഴിഞ്ഞു. 2006ല്‍, എം.എ. ബേബി സാംസ്കാരിക മന്ത്രിയായപ്പോള്‍ ഒ.എന്‍.വിക്ക് കലാമണ്ഡലം ചെയര്‍മാന്‍ പദവിയില്‍ രണ്ടാമൂഴമായി. കഥകളിയിലും മോഹിനിയാട്ടത്തിലും എം.എ കോഴ്സുകള്‍ തുടങ്ങിയും കേരളീയത്തിന്‍െറയും മാനവിയത്തിന്‍െറയും വികസിത രൂപമായ ‘നിള-ദേശീയ നൃത്തസംഗീതോത്സവം’ തുടങ്ങിയതും പഠിതാക്കള്‍ക്ക് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചതും കലാമണ്ഡലം അങ്കണത്തിന് മതില്‍ നിര്‍മിച്ചതും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 2006 സെപ്റ്റംബര്‍ മുതല്‍ 2007 ജൂലൈ വരെയായിരുന്നു രണ്ടാമൂഴത്തിലെ ഭരണം. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശായിരുന്നു അന്ന് സെക്രട്ടറി. കലാമണ്ഡലത്തിന് കല്‍പിത സര്‍വകലാശാല പദവി ലഭിക്കാന്‍ യു.ജി.സിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ മെമോറാണ്ടം ഓഫ് അസോസിയേഷന്‍സ് ഒപ്പുവെക്കാനായി ഭരണഘടന പുതുക്കാന്‍ നിയോഗിച്ച സമിതിയുടെ ചെയര്‍മാന്‍ ഒ.എന്‍.വിയായിരുന്നു. കല്‍പിത സര്‍വകലാശാല പദവി അനുവദിച്ച് ഉത്തരവ് ഇറങ്ങിയപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. അക്കാദമിക-ഭരണ കാര്യങ്ങളിലൊന്നും അനാവശ്യമായി കൈകടത്താത്ത ചെയര്‍മാനായിരുന്നു ഒ.എന്‍.വിയെന്ന് പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. ലോകം ശ്രദ്ധിക്കുന്ന കലാകേന്ദ്രമാണെങ്കിലും തൊഴുത്തില്‍ക്കുത്തിനും കുതികാല്‍വെട്ടിനും അന്നും ഇന്നും കലാമണ്ഡലത്തില്‍ കുറവില്ല. ഉപജാപവുമായി എത്തുന്നവരോടെല്ലാം ‘അക്കാര്യങ്ങള്‍ സെക്രട്ടറിയോട് പറയൂ’ എന്ന് പറഞ്ഞ് അകറ്റുന്നതായിരുന്നു ഒ.എന്‍.വിയുടെ രീതി. ചെയര്‍മാന്‍ പദവി കവിഹൃദയവുമായി ചേര്‍ത്തു കൊണ്ടുപോയതായിരുന്നു ഒ.എന്‍.വിയുടെ മികവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.