തൃശൂര്‍: കോര്‍പറേഷനില്‍ ഇടതുഭരണം വന്ന് മൂന്നുമാസം പിന്നിട്ടിട്ടും വഴിയോര കച്ചവടക്കാരുടെ പ്രശ്നത്തില്‍ ഇടപെടലുണ്ടായില്ല. നേരത്തെ തയാറാക്കിയ കച്ചവടക്കാരുടെ പഴയ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് പുതിയ ഭരണസമിതിയുടെ നിലപാട്. അതുകൊണ്ടുതന്നെ പുതിയ പട്ടിക തയാറാക്കണമെന്ന നിലപാടാണ് ഭരണസമിതിക്ക്. അതിനിടെ പട്ടിക തയാറാക്കാനും മറ്റും മുന്നില്‍നിന്ന പഴയ ഭരണസമിതിയുടെ തൊഴില്‍സംഘടനാ നേതാക്കള്‍ ബി.ജെ.പിയിലേര്‍ക്ക് കൂറുമാറിയിട്ടുമുണ്ട്. നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥാപിച്ച കേന്ദ്രം വെറുതെ ഇട്ടതിനെതിരെ വന്‍ ആക്ഷേപമുണ്ട്. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന് 2009ല്‍ പാര്‍ലമെന്‍റ് നിയമം പാസാക്കിയ ശേഷം രാജ്യത്ത് ആദ്യമായി തുടങ്ങുന്ന വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പുനരധിവാസകേന്ദ്രമാണ് തൃശൂരിലേത്. ഇതാണ് മാസങ്ങളായി വെറുതെ കിടക്കുന്നത്. 2013 മാര്‍ച്ചില്‍ ശക്തനില്‍നിന്നും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും ഒഴിപ്പിച്ച കച്ചവടക്കാര്‍ നിലവില്‍ വിവിധ ഇടങ്ങളിലാണ് കച്ചവടം ചെയ്യുന്നത്. ഐ.പി. പോള്‍ മേയറായിരിക്കെയാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങാന്‍ തീരുമാനിക്കുന്നത്. 314 പേര്‍ക്കുള്ള പുനരധിവാസകേന്ദ്രമാണ് ഒരുക്കിയത്. ഇതില്‍ പത്ത് അപേക്ഷകര്‍ ഇതിനകം മരിച്ചു. അവരുടെ നിയമപരമായ അവകാശിക്കായിരിക്കും സ്ഥലം അനുവദിക്കുകയെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു. ഒരുകോടി ചെലവഴിച്ചാണ് കെട്ടിടം തയാറാക്കിയത്. ശക്തന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് പുറമേ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ നിന്നുള്ള 42 കച്ചവടക്കാരാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ പുനരധിവാസത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ഈ പട്ടികയിലാണ് അനര്‍ഹര്‍ ഉള്ളതെന്ന് പുതിയ ഭരണസമിതിയുടെ അവകാശവാദം. അനുവദിക്കുന്ന സ്ഥലത്തിന്‍െറ വിസ്തീര്‍ണം അനുസരിച്ച് പത്ത് മുതല്‍ 30 രൂപ വരെയാണ് പ്രതിദിന വാടക. പച്ചക്കറി, തുണിത്തരങ്ങള്‍, ചെരിപ്പ്, സ്റ്റേഷനറി, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പുനരധിവാസകേന്ദ്രത്തില്‍ ഉണ്ടാവുക. എന്നാല്‍, ഇത് എന്ന് തുറന്നുകൊടുക്കുമെന്ന കാര്യത്തിലും പുതിയ സാഹചര്യത്തില്‍ വാടക സംബന്ധിച്ചും കൃത്യമായ നിലപാട് ഇടതുപക്ഷം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.