പുറമ്പോക്കില്‍ നിന്ന് കുടുംബത്തെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

ചാലക്കുടി: ഒഴിപ്പിക്കാനത്തെിയ അധികൃതര്‍ക്കു മുന്നില്‍ ആത്മഹത്യാഭീഷണിയുമായി പട്ടികജാതി കുടുംബം. നാട്ടുകാര്‍ ഇടപ്പെട്ടതോടെ നടപടിയെടുക്കാതെ തഹസില്‍ദാറും പൊലീസ് സംഘവും മടങ്ങി. കോടശേരി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഇറിഗേഷന്‍ കനാല്‍ പുറമ്പോക്കിലെ താമസക്കാരനായ മരങ്ങോട്ടില്‍ വീട്ടില്‍ പേങ്ങന്‍െറ മകന്‍ നാരായണനെയും കുടുംബത്തെയും ഒഴിപ്പിക്കാനാണ് ഹൈകോടതി ഉത്തരവുമായി തഹസില്‍ദാറും സംഘവും പൊലീസ് സഹായത്തോടെ എത്തിയത്. ശനിയാഴ്ച രാവിലെ ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയതറിഞ്ഞ് ജനം തടിച്ചുകൂടി. 45 വര്‍ഷമായി ഇയാളും കുടുംബവും കനാല്‍ പുറമ്പോക്കില്‍ താമസിച്ചുവരുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ വീട്ടുകാര്‍ ആത്മഹത്യഭീഷണി മുഴക്കി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അധികാരികള്‍ക്ക് ഇയാളെ ഒഴിപ്പിക്കാനായില്ല. നാരായണന്‍ വളച്ചുകെട്ടി തടസ്സപ്പെടുത്തിയെന്ന് പറയുന്ന വഴിയിലെ ഷെഡ് തകര്‍ക്കുകയും വാഴകളും മറ്റും പൊലീസ് സഹായത്തോടെ വെട്ടിനശിപ്പിക്കുകയും ചെയ്തു. കനാല്‍ പുറമ്പോക്കില്‍ താമസിച്ചുവരുന്ന നാരായണന്‍ പിന്നിലെ വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടിയെന്ന പേരില്‍ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ ഒഴിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍, ഇതിനെതിരെ ഇയാള്‍ പട്ടികജാതി കമീഷനില്‍ പരാതി നല്‍കിയെങ്കിലും തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങില്‍ പോയില്ല. ഇതേ തുടര്‍ന്നാണ് ഇയാളെ ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.