മൃഗശാലകളില്‍ നിന്ന് വരുമാനം വര്‍ധിച്ചു –മന്ത്രി ജയലക്ഷ്മി

തൃശൂര്‍: മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയപ്പോള്‍ മൃഗശാലകളില്‍ നിന്നുള്ള വരുമാനം പതിന്‍മടങ്ങായി വര്‍ധിച്ചെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. ഈ വരുമാനത്തിന് ആനുപാതികമായി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മൃഗശാലകളില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ മ്യൂസിയം മൃഗശാലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സന്ദര്‍ശകരുടെ സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള ക്ളോക്ക് റൂം, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഒൗഷധസസ്യോദ്യാനം എന്നിവയുടെ ഉദ്ഘാടനവും മൃഗശാലയില്‍ പുതുതായി കൊണ്ടുവരുന്ന അനക്കോണ്ട പാമ്പുകളെ പാര്‍പ്പിക്കാനുള്ള കൂടിന്‍െറ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു. മൃഗശാല പുത്തൂരിലേക്ക് മാറ്റുമ്പോള്‍ നിലവിലുള്ള സ്ഥലം വിനോദ കേന്ദ്രമാക്കി മാറ്റണമെന്നും കുടുംബസമേതം ആസ്വദിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അധ്യക്ഷത വഹിച്ച അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു . മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, ഒൗഷധ സസ്യ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.ജി. ശ്രീകുമാര്‍, വനഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. പി. സുജനപാല്‍ എന്നിവര്‍ സംസാരിച്ചു. മൃഗശാല ഡയറക്ടര്‍ കെ. ഗംഗാധരന്‍ സ്വാഗതവും മ്യൂസിയം സൂപ്രണ്ട് ടി.വി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ത്രീഡി തിയറ്റര്‍, ചില്‍ഡ്രസ് പാര്‍ക്ക് തുടങ്ങിയവ മൃഗശാലയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അനക്കോണ്ട പാമ്പുകളെ കൊണ്ടുവരുന്നതോടെ മൃഗശാലയുടെ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.