ഓര്‍മയുണ്ടോ ‘സ്പീഡ് ഗവേണര്‍’

തൃശൂര്‍: ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ ‘സ്പീഡ് ഗവേണര്‍’ പരിശോധന നിലച്ചതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ മത്സരയോട്ടവും അപകടങ്ങളും വര്‍ധിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വകാര്യ ബസുകളുടെ അമിത വേഗം 12 പേരുടെ ജീവനെടുത്തു. നഗരത്തിലും തൃപ്രയാര്‍, ആമ്പല്ലൂര്‍, കടവല്ലൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ പുതിയകാവ്, മണ്ണുത്തി, കാഞ്ഞാണി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ അപകടമുണ്ടായി. ഇതില്‍ രണ്ടിടത്ത് ടിപ്പര്‍ ലോറികളായിരുന്നു വില്ലന്‍. മറ്റിടങ്ങളില്‍ സ്വകാര്യ ബസുകളും. തൃപ്രയാറിലെ അപകടത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നതല്ലാതെ മോട്ടോര്‍ വാഹന വകുപ്പിന്‍െറ ഭാഗത്ത് നിന്നും മറ്റൊന്നും ഉണ്ടായിട്ടില്ല. തൃശൂര്‍-കുന്നംകുളം, ഗുരുവായൂര്‍-ചാവക്കാട്, കൊടുങ്ങല്ലൂര്‍ ബൈപാസ്, മണ്ണുത്തി- ആമ്പല്ലൂര്‍, മണ്ണുത്തി-തൃശൂര്‍ റോഡുകളെല്ലാം അപകടങ്ങളുടെ വാരിക്കുഴികളാണ്. ഋഷിരാജ് സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്ന കാലത്താണ് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.മിന്നല്‍ പരിശോധനകളിലൂടെ നടപടിയെടുക്കുകയും ചെയ്തു. 2013 ജൂണ്‍ ഏഴിന് ട്രാന്‍സ്പോര്‍ട്ട് കമീഷണറായി ചുമതലയേറ്റ ശേഷം ഋഷിരാജ് സിങ് അപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരുടെ മേലാണ് ആദ്യപിടി വീണത്. ഹെല്‍മറ്റ് കര്‍ശനമാക്കിയതോടെ ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍ മരിക്കുന്ന സംഭവങ്ങളില്‍ കാര്യമായ കുറവുണ്ടായി. തൊട്ടുപിന്നാലെ, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് നേരെയും പിടിവീണു. ബസുകളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിക്കണമെന്നതും കര്‍ശനമാക്കി. ഇതിന്‍െറയൊക്കെ ഫലമായി സംസ്ഥാനത്ത് അപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി മോട്ടോര്‍ വാഹനവകുപ്പ് അവകാശപ്പെടുന്നു. പിന്നീട് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തത്തെുടര്‍ന്ന് കാറിന് പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഋഷിരാജ് സിങ് ഇറക്കിയ ഉത്തരവും, നിയമസഭ ചേര്‍ന്ന് കൊണ്ടിരിക്കെ മന്ത്രിയോട് ആലോചിക്കാതെ നടപടികളിലേക്ക് കടന്നതുമാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്ഥാനത്തു നിന്നുമുള്ള ഋഷിരാജ് സിങ്ങിന്‍െറ ഇരിപ്പിടം കളഞ്ഞത്. പിന്നീട് വന്ന ശ്രീലേഖയും ഇപ്പോള്‍ ടോമിന്‍ തച്ചങ്കരിയടക്കമുള്ളവരും സ്പീഡ് ഗവേണര്‍ പരിശോധനയിലേക്കോ, നടപടികളിലേക്കോ കടന്നില്ല. സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമായതോടെ സര്‍ക്കാറും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. വഴിയില്‍ കാത്തു നിന്നുള്ള പിരിവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പൊലീസും മോട്ടോര്‍ വാഹനവകുപ്പും അമിത വേഗത്തിന്‍െറ പരിശോധന മാത്രം നടത്തുന്നില്ല. റോഡിലൂടെ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലീസും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.