ഫയലൊന്നു നീക്കാന്‍ ഏതു വാതില്‍ മുട്ടണം

തൃപ്രയാര്‍: സര്‍ക്കാര്‍ സ്കൂളിനെന്തിനാണ് കളിസ്ഥലം?. ദേശീയ -സംസ്ഥാന സ്കൂള്‍ കായിക മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി സംസ്ഥാനത്തിന് മാതൃകയായ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിനോടും അവിടുത്തെ കായിക താരങ്ങളോടുമാണ് ഫിഷറീസ് വകുപ്പിന്‍െറ ചോദ്യം. നാലേകാല്‍ ഏക്കറോളം വരുന്ന സ്കൂള്‍ ഗ്രൗണ്ട് കായകമത്സരങ്ങള്‍ക്കും പരിശീലനത്തിനും അനുയോജ്യമാക്കാന്‍ അധികൃതരുടെ കനിവിന് കാത്തിരിക്കുകയാണ് കായിക താരങ്ങള്‍. അനുയോജ്യരീതിയിലേക്ക് മാറ്റാത്ത മൈതാനത്ത് പരിശീലനം നടത്താനിറങ്ങുന്ന കായികതാരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവാണ്. സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് സ്വര്‍ണവും വെള്ളിയും നേടിയ ആദിത്യയാണ് ഈ ഗ്രൗണ്ടിന്‍െറ അസൗകര്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇര. പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ വീണ് കാലൊടിഞ്ഞ കായികതാരം ആശുപത്രിയിലാണ്. ആദിത്യക്ക് മുമ്പ് ആര്യ ഉണ്ണികൃഷ്ണനും ഗ്രൗണ്ടില്‍ വീണ് കാലൊടിഞ്ഞു. ജില്ലാ പഞ്ചായത്ത് ഗ്രൗണ്ട് പൊതുപരിപാടികള്‍ക്ക് വാടക്ക് കൊടുക്കാറുണ്ട്. ഇവര്‍ കുഴികുത്തിയും മറ്റും ഗ്രൗണ്ട് പരിശീലനത്തിന് യോഗ്യമല്ലാതായി. 2014ലെ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡലുകളുമായത്തെിയ കായിക താരങ്ങളെ അനുമോദിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗീതാഗോപി എം.എല്‍.എയാണ് സ്കൂള്‍ ഗ്രൗണ്ട് ആധുനികരീതിയില്‍ വികസിപ്പിക്കുന്നതിന് ഒരു കോടിഅനുവദിച്ചത്. ഗ്രൗണ്ട് ഒരുക്കിയെടുക്കുക, പവലിയന്‍ നിര്‍മിക്കുക, റെസ്റ്റ്റൂം, ടോയ്ലെറ്റ്, കായികോപകരണങ്ങള്‍ സൂക്ഷിക്കാന്‍ മുറി എന്നിവ ഉള്‍പ്പെട്ടതാണ് വികസനം. ഇതിന്‍െറ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ഫിഷറീസ് വകുപ്പ് ഫയല്‍ പിടിച്ചുവെച്ചത്. ഇത്രയും തുക ചെലവിട്ട് തീരദേശത്തെ സര്‍ക്കാര്‍ സ്കൂളിന് എന്തിനാണൊരു ഗ്രൗണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇതോടെ ഒരു വര്‍ഷം സ്കൂള്‍ ഗ്രൗണ്ടിന്‍െറ വികസനം തടയപ്പെട്ടു. എം.എല്‍.എയോടുള്ള രാഷ്ട്രീയ വൈരമോ തീരദേശത്തോടുള്ള അവഗണനയോ ആണ് ഇത്തരം നിലപാടുകള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. വകുപ്പ് മേലാളന്‍മാരുടെ കണ്ണ് തുറക്കാന്‍ ഏതു വാതിലില്‍ മുട്ടണമെന്ന ചോദ്യമാണ് കായിക താരങ്ങള്‍ക്കും കായിക സ്നേഹികളായ നാട്ടുകാര്‍ക്കുമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.