കോള്‍പാടത്തിന്‍െറ നെഞ്ചുകീറി റോഡ് നിര്‍മാണം; ജില്ലാ പഞ്ചായത്ത് അന്വേഷിക്കുന്നു

തൃശൂര്‍: കോള്‍പടവിന്‍െറ നെഞ്ച് കീറി റോഡ് വെട്ടിയത് വിവാദമാവുന്നു. അടാട്ട്-അയ്നിക്കാട് പാതക്കായി അടാട്ട് പാടശേഖരം തൂര്‍ത്ത് റോഡ് പണിതതാണ് വിവാദമാവുന്നത്. പട്ടികജാതിക്കാര്‍ക്കായി വഴി ഒരുക്കുന്നെന്ന പേരിലാണ് പാടശേഖരം കീറിമുറിച്ച് റോഡ് പണിതത്. ഇതിന് ജില്ലാ പഞ്ചായത്തിന്‍െറ പട്ടികജാതി ഫണ്ട് ദുരുപയോഗിച്ചു. പട്ടികജാതി ഫണ്ടില്‍നിന്നും ഒരുകോടി രൂപയാണ് റോഡിന് ചെലവിട്ടത്. പാടശേഖരത്തിന്‍െറ അങ്ങേയറ്റത്ത് താമസിക്കുന്ന 30ഓളം പട്ടികജാതിക്കാര്‍ക്ക് സഞ്ചാര സൗകര്യമൊരുക്കാന്‍ റോഡ് നിര്‍മിച്ചുവെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍, ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പാടം കീറിമുറിച്ചത് ഭൂമാഫിയക്ക് വേണ്ടിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. റോഡ് നിര്‍മിച്ച് ക്രമേണ പാടം നികത്താനാണെന്നും അവര്‍ ആരോപിക്കുന്നു. 30 പട്ടികജാതി കുടുംബങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി പാടവരമ്പിലൂടെയാണ് നടക്കുന്നത്. റോഡ് നിര്‍മിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് വിനിയോഗിക്കുന്നത് എന്തിന് എന്നാണ് ഇവരുടെ ചോദ്യം. ഇതിന്‍െറ മറപിടിച്ച് വിവിധ കോള്‍പടവുകളിലൂടെ പാതയൊരുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. കണിമംഗലം കോള്‍പടവില്‍ നിലവിലുള്ള റോഡ് വികസിപ്പിച്ച് ടാര്‍ ചെയ്യാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവിലെ റോഡ് വികസിപ്പിക്കുമ്പോള്‍ കോള്‍പടവിന്‍െറ ഒരുഭാഗം നികത്തപ്പെടും. അപൂര്‍വയിനം കൊക്കുകള്‍ ഉള്‍പ്പെടെ ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമാണ് ഈ കോള്‍ പടവുകള്‍. മുന്‍ ഭരണസമിതിയുടെ കാലത്താണ് ജില്ലാ പഞ്ചായത്ത് റോഡ് പണിതത്. കഴിഞ്ഞ മാസം പണിയുമായി ബന്ധപ്പെട്ട് 46 ലക്ഷം രൂപയുടെ ബില്‍ വന്നതാണ് പുതിയ ഭരണസമിതി അന്വേഷിക്കാന്‍ വഴിയൊരുക്കിയത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് പട്ടികജാതി ഫണ്ട് ഇതിനായി ഉപയോഗിച്ചതായി കണ്ടത്തെിയത്. തുടര്‍ന്ന് ബുധനാഴ്ച നടന്ന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലും വിഷയം ചര്‍ച്ചയായി. ഇതിന് ആവശ്യമായ രേഖകള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയത് വിശദീകരണം വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് തദ്ദേശ ഭരണ വിഭാഗം എന്‍ജിനീയറോട് വിശദീകരണം തേടാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ഭരണസമിതി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാറിന്‍െറ നേതൃത്വത്തില്‍ ഒരുസംഘം സ്ഥലം പരിശോധിക്കാനും തീരുമാനമായി. ഈമാസം 10ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.