തോക്ക് പിടികൂടിയ സംഭവം: അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപത്തട്ടിപ്പ് ഇരകള്‍

എടപ്പാള്‍: കോലൊളമ്പ് നിക്ഷേപതട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളുടെ അടുത്ത ബന്ധുവില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്ക് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ രംഗത്ത്. യഥാര്‍ഥ ഉടമകള്‍, തോക്ക് ലഭ്യമായ വഴി, ഉപയോഗിച്ചവര്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാണാവശ്യം. 2012 ആഗസ്റ്റിലാണ് കോക്കൂര്‍ സ്വദേശി ഇഖ്ബാലിന്‍െറ കൈയില്‍ നിന്ന് തോക്ക് തൃശൂര്‍ ക്രൈംബ്രാഞ്ച് പിടികൂടുന്നത്. നിക്ഷേപതട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളായ സക്കീര്‍ ഹുസൈന്‍െറ അടുത്ത ബന്ധുവാണ് ഇഖ്ബാല്‍. രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ടൗണില്‍ വെച്ച് ക്രൈംബ്രാഞ്ച് സ്പെഷല്‍ പൊലീസ് വിഭാഗം റഫീഖ് എന്നയാളെ പിടികൂടിയപ്പോള്‍ ലഭ്യമായ വെടിയുണ്ടകളാണ് തോക്ക് പിടികൂടുന്നതിലേക്ക് വഴിയൊരുക്കിയത്. കോക്കൂര്‍ സ്വദേശി ജസീറിന്‍െറ കൈവശമുള്ള തോക്കിലെ വെടിയുണ്ടകളാണ് ഇതെന്നാണ് റഫീഖ് അറിയിച്ചത്. ജസീറിനെ പിടികൂടിയപ്പോള്‍ തോക്ക് ഇഖ്ബാലിന്‍െറ കൈവശമുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, കേസില്‍ ജസീറിനെ പ്രതിചേര്‍ത്തിട്ടില്ല. തോക്ക് ഇവര്‍ക്ക് നല്‍കിയത് നിലമ്പൂര്‍ സ്വദേശിയാണെന്ന സൂചനയുമുണ്ട്. എന്നാല്‍, തോക്ക് യഥാര്‍ഥത്തില്‍ ഉപയോഗിച്ചത് നിക്ഷേപതട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളാണെന്നും ഇയാളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്നും ഒരു വിഭാഗം നിക്ഷേപകര്‍ ആരോപിക്കുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.