കാത്തിരിപ്പിന് അരനൂറ്റാണ്ട് കരിച്ചാല്‍ കടവിലെ പാലം ഏട്ടിലൊതുങ്ങി

വടക്കേക്കാട്: കരിച്ചാല്‍ കടവിലെ കാത്തിരിപ്പിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂരിനെയും കാട്ടകാമ്പാല്‍ പഞ്ചായത്തിലെ കരിച്ചാലിനെയും ബന്ധിപ്പിക്കുന്ന പാലം പണിയാന്‍ ഫണ്ട് അനുവദിച്ച വാര്‍ത്തകള്‍ വായിച്ചു ജനം മടുത്തു. പാലത്തിന്‍െറ തൂണ്‍ വാര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയ ഇരുമ്പുകമ്പികള്‍ അസ്ഥികൂടം മായി കടവില്‍ അവശേഷിച്ചു. ഇരുപ്രദേശത്തുകാരിലും പ്രതീക്ഷ അസ്തമിച്ചിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ജലസേചന വകുപ്പ് കരിച്ചാല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയാന്‍ പദ്ധതിയിട്ട വാര്‍ത്ത വന്നത്. കോള്‍പാടങ്ങളിലെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ ഉപയുക്തമാകുമെന്നതില്‍ കര്‍ഷകരും ആഹ്ളാദിച്ചു. പക്ഷേ, പദ്ധതിയിപ്പോഴും കടലാസില്‍ തന്നെ. സ്ഥലം പരിശോധിച്ച് പഠന റിപ്പോര്‍ട്ട് ജലസേചന വകുപ്പ് തൃശൂര്‍ ഡിവിഷനില്‍ നിന്നും തിരുവനന്തപുരത്തെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോഡിന് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. റഗുലേറ്റര്‍ കം ബ്രിഡ്ജിന് പകരം ചെക്ക് ഡാം കം ബ്രിഡ്ജ് മതിയെന്നാണ് ‘ഉന്നത’ങ്ങളില്‍ നിന്നും ഒടുവില്‍ വന്ന നിര്‍ദേശം. പദ്ധതിയേതായാലും പാലം കിട്ടിയാല്‍ മതി. പക്ഷേ, കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്നതാണ് നാട്ടുകാരുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.