നവകേരള മാര്‍ച്ചിന് ഉജ്ജ്വല സ്വീകരണം

ചാവക്കാട്/പാവറട്ടി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ചാവക്കാട്ടും പൂവത്തൂരിലും ഉജ്ജ്വല സീകരണം. സംസ്ഥാന നേതാക്കളുടെ കൊള്ളരുതായ്മകള്‍ പരിശോധിക്കാന്‍ തയാറാവാത്തത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്‍െറ ജീര്‍ണതയാണെന്ന് പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന് ചാവക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിത എസ്. നായരുടെ കത്തില്‍ 13 പേരുണ്ടെന്നാണ് ജയില്‍ മേധാവിയായിരുന്ന അലക്സാണ്ടര്‍ ജേക്കബിന്‍െറ വെളിപ്പെടുത്തല്‍. അതെല്ലാം രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേരുകളാണ്. ഒരു ഐജിയുടെയും പേരുണ്ട്. ആരുടെയും പേര് താന്‍ പറയുന്നില്ളെന്നും പലരുടെയും മാന്യത തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ ഐ.ജിയല്ലാത്തവരെല്ലാം കോണ്‍ഗ്രസുകാരാണ്. എന്നാല്‍, ഇതുസംബന്ധിച്ച് എന്തെങ്കിലും പരിശോധനക്ക് കോണ്‍ഗ്രസ് നേതൃത്വം തയാറില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് അലോസരമുണ്ടാക്കരുതെന്നാണ് നേതാക്കളുടെ നിര്‍ദേശം. രണ്ട് മാസം സുഖമായി ഭരിക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന് പിണറായി പറഞ്ഞു. മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കാര്‍ഷിക മേഖല തകര്‍ന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന് പൂവ്വത്തൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോള്‍ വികസനത്തിന് രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. കമ്മിറ്റിയുടെ തലപ്പത്തുള്ളയാള്‍ ഇതിന് പ്രാപ്തനല്ല. കോള്‍ വികസനവുമായി ചേരേണ്ട കമ്മിറ്റികള്‍ ചേര്‍ന്നില്ല. മൂന്ന് ഘട്ടമായി നടപ്പാക്കേണ്ട 450 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. കോള്‍ മേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് ചിറകള്‍ കെട്ടി സംരക്ഷിക്കാനായില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ സി.പി.എമ്മിനേ കഴിയൂ- പിണറായി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ നടന്‍ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സ്വീകരണസമ്മേളനങ്ങളില്‍ ജാഥാംഗങ്ങളായ എം.വി. ഗോവിന്ദന്‍, എ. സമ്പത്ത് എം.പി, പി.കെ. ബിജു എം.പി, എം.ബി. രാജേഷ് എം.പി, കെ.ടി. ജലീല്‍ എം.എല്‍.എ, പി.കെ. സൈനബ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍, എം.എല്‍.എമാരായ ബാബു എം. പാലിശേരി, കെ.വി. അബ്ദുല്‍ ഖാദര്‍, ചാവക്കാട്, ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷരായ എന്‍.കെ. അക്ബര്‍, പ്രഫ. പി.കെ. ശാന്തകുമാരി, എം. കൃഷ്ണദാസ്, ടി.ടി. ശിവദാസന്‍, ജില്ലാ സെക്രട്ടി എ.സി. മൊയ്തീന്‍, മുരളി പെരുനെല്ലി, എന്‍.ആര്‍. ബാലന്‍, കെ. രാധാകൃഷ്ണന്‍, മണലൂര്‍ മണ്ഡലം ഏരിയാ സെക്രട്ടറി ടി.വി. ഹരിദാസന്‍, നടന്‍ സുരേഷ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.