പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനിശ്ചിതത്വത്തില്‍

തൃശൂര്‍: പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം അനിശ്ചിതത്വത്തില്‍. വിരമിച്ച സ്പെഷല്‍ ഓഫിസര്‍ക്ക് പകരക്കാരനെ നിയമിക്കാത്തതിനാല്‍ ടെന്‍ഡര്‍ നടപടി വൈകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വകുപ്പ് മന്ത്രി കെ. രാജു നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിക്കുകയും ഒരുമാസം കഴിഞ്ഞ് നിര്‍മാണം തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അതിനിടെ വന്ന നോട്ട് പ്രതിസന്ധിയും പദ്ധതിയെ ദോഷമായി ബാധിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കിനായി ഈ സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റില്‍ അനുവദിച്ച 28 കോടി വൃഥാവിലാകും. നടപടിയുണ്ടായില്ളെങ്കില്‍ ജനുവരി ഒന്നുമുതല്‍ കേരള സര്‍വോദയ മണ്ഡലം, ഫ്രണ്ട്സ് ഓഫ് സൂ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ തുടങ്ങുമെന്ന് സംഘടനകള്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടി നടത്തണമെങ്കില്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കണം. ഒക്ടോബര്‍ 31നാണ് സ്പെഷല്‍ ഓഫിസറായിരുന്ന വനം വകുപ്പ് അസി. പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ സി.എസ്. യെലാക്കി വിരമിച്ചത്. സ്പെഷല്‍ ഓഫിസര്‍ നിയമനം ശ്രദ്ധയിലുണ്ടെന്നും നിയമനം ഉടന്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കേരള സര്‍വോദയ മണ്ഡലം, ഫ്രണ്ട്സ് ഓഫ് സൂ സംഘടനകള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് പദ്ധതി തുടങ്ങണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. രാജ്യാന്തര നിലവാരത്തില്‍ 336 ഏക്കറില്‍ ഒരുക്കുന്ന പാര്‍ക്കിന് 150 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.