ബി.ജെ.പി സര്‍ക്കാര്‍ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണര്‍ –എളമരം കരീം

തൃശൂര്‍: അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണര്‍ എന്ന നിലക്കാണ് കേന്ദ്രസര്‍ക്കാറിന്‍െറ പ്രവര്‍ത്തനമെന്നും ദേശീയത എന്ന വികാരമുണര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറയും ആഗോള സാമ്പത്തിക മുതലാളിത്തത്തിന്‍െറയും താല്‍പര്യങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. അന്താരാഷ്ട്ര നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ നേതൃസമ്മേളനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ചേര്‍ന്ന ഏഷ്യ-പസഫിക് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും ട്രേഡ്യൂനിയനുകളുടെയും അടിസ്ഥാന അവകാശങ്ങള്‍ കടന്നാക്രമണം നേരിടുകയാണ്. പ്രതിലോമ രാഷ്ട്രീയ പാര്‍ട്ടികളെയും ശക്തികളെയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. കോര്‍പറേറ്റുകളുടെയും അവരെ പിന്തുണക്കുന്ന സര്‍ക്കാറുകളുടെയും കടന്നാക്രമണം നേരിടുന്ന യൂറോപ്പിലെയും അമേരിക്കയിലെയും ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള തൊഴിലാളികള്‍ വലിയ പ്രക്ഷോഭത്തിന് തയാറായി. ഇവര്‍ക്ക് മൃഗീയ ആക്രമണങ്ങളാണ് നേരിടേണ്ടിവന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വശക്തികള്‍ പ്രാദേശിക പ്രതിലോമശക്തികളെ ഉപയോഗിച്ച് ലാറ്റിന്‍ അമേരിക്കയിലെ പുരോഗമന സര്‍ക്കാറുകളെ അട്ടിമറിക്കാനും ട്രേഡ് യൂനിയനുകളെയും സാമൂഹിക പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയുമാണ്. തൊഴിലാളി വിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ ആഗോള തൊഴിലാളിവര്‍ഗ പ്രസ്ഥാനം അനിവാര്യമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായ വന്‍കിട കോര്‍പറേറ്റുകളും സ്ഥാപനങ്ങളും പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ജീവിത പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നും എളമരം കരീം പറഞ്ഞു. കെട്ടിടനിര്‍മാണം, നിര്‍മാണ സാമഗ്രികള്‍, അനുബന്ധ വ്യവസായം എന്നിവയിലെ ട്രേഡ് യൂനിയനുകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ യു.ഐ.ടി.ബി.ബി.യുടെ മൂന്ന് നാള്‍ നീളുന്നതാണ് നേതൃസമ്മേളനം. സി.ഡബ്ള്യു.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആര്‍. ശിങ്കാരവേലു അധ്യക്ഷനായിരുന്നു. യു.ഐ.ടി.ബി.ബി ജനറല്‍ സെക്രട്ടറി മിക്കാലീസ് പപ്പര്‍നിക്കോളോവ് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ യു.പി.ജോസഫ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍പേഴ്സന്‍ മേയര്‍ അജിത ജയരാജന്‍, വര്‍ക്കിങ് ചെയര്‍മാന്‍ എം.എം. വര്‍ഗീസ്, സി.പി.എം ജില്ല സെക്രട്ടറി കെ .രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും(സി.ഡബ്ള്യു.എഫ്.ഐ) സി.ഐ.ടി.യു.വുമാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 88 രാജ്യങ്ങളിലെ ട്രേഡ്യൂനിയനുകള്‍ ഉള്‍പ്പെട്ട യു.ഐ.ടി.ബി.ബിയുടെ ആസ്ഥാനം ഫിന്‍ലാന്‍ഡിലെ ഹെന്‍സിങ്കിയാണ്. ഇന്ത്യയില്‍ ആദ്യമായാണ് യു.ഐ.ടി.ബി.ബിയുടെ നേതൃയോഗം നടക്കുന്നത്. വിദേശപ്രതിനിധികള്‍ക്ക് പുറമെ ഇന്ത്യയിലെ സി.ഡബ്ള്യു.എഫ്.ഐയുടെ ഭാരവാഹികളായ ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ പത്തിന് ചേരുന്ന അന്താരാഷ്ട്ര നിര്‍വാഹകസമിതി യോഗം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി തപന്‍സെന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.