നാട് വെടിപ്പാക്കാനുള്ള ജനമുന്നേറ്റം –മന്ത്രി

ആമ്പല്ലൂര്‍: പരിസരവും ജീവിത സാഹചര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള ജനകീയ മുന്നേറ്റമാണ് ഹരിതകേരളംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീന്‍. സംസ്ഥാന സര്‍ക്കാറിന്‍െറ നവകേരളം മിഷന്‍െറ ഭാഗമായുള്ള പദ്ധതി മണലിപ്പുഴയുടെ തീരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുളങ്ങളും പൊതുജലാശയങ്ങളും സംരക്ഷിക്കുമെന്നും മാലിന്യസംസ്കരണം പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ രീതിയില്‍ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള കാമ്പയിന്‍ സര്‍ക്കാറിന് സാധ്യമല്ല. തൊഴിലുറപ്പ് തൊഴിലാളികളുടെയും ജനകീയ പങ്കാളിത്തത്തോടെയും കുറഞ്ഞ ഫണ്ടിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. ജലസംരക്ഷണവും നാടിന്‍െറ ശുചീകരണവും ജൈവകൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഒരുകാലത്ത് സാക്ഷരതാ പ്രസ്ഥാനം ജനങ്ങള്‍ ഏറ്റെടുത്തപോലെ ഹരിതകേരളവും ഏറ്റെടുക്കണം. പുഴകള്‍ വൃത്തിയാക്കുന്നതിലൂടെ ശുദ്ധജല ലഭ്യത ഉറപ്പാക്കാം. സന്നദ്ധ പ്രവൃത്തികള്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രമേ വിജയിപ്പിക്കാനാകൂ. പദ്ധതിയില്‍ അണിചേര്‍ന്ന് സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങള്‍ ശുചീകരിക്കേണ്ട ചുമതല ജീവനക്കാരും ഏറ്റെടുക്കണം -മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. എ. കൗശിഗന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്സണ്‍, ഇ.എ. ഓമന, കൊടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍, ഹരിത കേരളം നോഡല്‍ ഓഫിസര്‍ എസ്. ഷാനവാസ്, ജില്ലാ കൃഷി ഓഫിസര്‍ എ.എ. പ്രസാദ്, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി. അബ്ദുല്‍ മജീദ്, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, കെ.എന്‍. ഹരി, ഷീല മനോഹരന്‍, വി.ആര്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി മന്ത്രി മണലിപ്പുഴയുടെ തീരത്ത് വൃക്ഷത്തൈ നട്ടു. മണലിപ്പുഴയുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പ്രവൃത്തികളിലൂടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.