സംസ്ഥാന സ്കൂള്‍ കായികമേള: നാട്ടികയുടെ പടപ്പുറപ്പാട് ഇന്ന്

തൃപ്രയാര്‍: തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി മൈതാനിയില്‍ ഡിസംബര്‍ മൂന്നിന് തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ തൃശൂര്‍ ജില്ലയുടെ പേര് കാക്കാന്‍ നാട്ടിക ഫിഷറീസ് ഗവ. ഹൈസ്കൂള്‍ ടീം വ്യാഴാഴ്ച പുറപ്പെടും. ജില്ലാ കായികമേളയില്‍ കിരീടം ചൂടിയ ഈ ടീമില്‍ 16 അംഗങ്ങളാണുള്ളത്. ആന്‍സി സോജന്‍, വി.ഡി. അഞ്ജലി, പി.എ. അതുല്യ, പി.എച്ച്. അനു, അജ്മി മൂസ, എ.എസ്. ആദിത്യ, സൂസന്ന ജാസ്മിന്‍, പി.എസ്. സൂര്യ, വി.ഡി. അനാമിക, ആര്യ ഉണ്ണികൃഷ്ണന്‍, വി.എസ്. അമൃത, കെ.ആര്‍. രമ്യ, കെ.ആര്‍. വിസ്മയ, വി.എസ്. ആര്‍ദ്ര, യദുകൃഷ്ണ, റാഷിദ് എന്നിവരാണ് ടീം അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം 22 പോയന്‍റ് നേടി ജില്ലയെ എട്ടാം സ്ഥാനത്ത് എത്തിച്ചത് നാട്ടികയിലെ പെണ്‍കുട്ടികളായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ദേശീയ-സംസ്ഥാന-ജില്ലാ അത്ലറ്റിക് മീറ്റുകളില്‍ സ്വര്‍ണക്കൊയ്ത്ത് നടത്തുന്നവരാണിവര്‍. സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പ്രദേശമായ നാട്ടിക മണപ്പുറത്ത് ആധുനിക സൗകര്യങ്ങളൊന്നുമില്ലാതെ പരിശീലിക്കുന്നവരാണ് ഇവര്‍. ആസ്ഥാനംപോലുമില്ലാത്ത നാട്ടിക സ്പോര്‍ട്സ് അക്കാദമിയെന്ന കൂട്ടായ്മയാണ് പരിശീലിപ്പിക്കുന്നത്. അഭ്യുദയ കാംക്ഷികളില്‍നിന്നുള്ള സംഭാവനയിലൂടെയാണ് വരുമാനം കണ്ടത്തെുന്നത്. തൃപ്രയാര്‍ ടെംമ്പോ ട്രാവലര്‍ ഡ്രൈവേഴ്സ് യൂനിയനാണ് തേഞ്ഞിപ്പലത്തേക്കും തിരിച്ചുമുള്ള യാത്രയുടെ ചെലവ് വഹിക്കുന്നത്. കര്‍ട്ടന്‍ വ്യാപാരിയായ നസിമുദ്ദീനാണ് ജഴ്സി നല്‍കിയത്. സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റാണ് ഭക്ഷണ ചെലവ് വഹിക്കുക. വ്യാഴാഴ്ച പുറപ്പെടുന്ന സംഘത്തില്‍ സ്പോര്‍ട്സ് അക്കാദമി ചെയര്‍മാന്‍ ബി.കെ. ജനാര്‍ദനന്‍, പരിശീലകന്‍ കണ്ണന്‍ എന്നിവരും രക്ഷിതാക്കളില്‍ ചിലരുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.