കൊടുങ്ങല്ലൂര്‍: കടല്‍ദുരന്തങ്ങള്‍ പതിവായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദ്രുതകര്‍മ രക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം തീരമേഖലയില്‍ ശക്തമാകുന്നു. ഈ വര്‍ഷം പത്തോളം അപകടങ്ങളാണ് താലൂക്കുതീരത്ത് മാത്രമുണ്ടായത്. മൂന്ന് ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണവും നഷ്ടങ്ങളുടെ കണക്കും ഭീമം. കഴിഞ്ഞ ദിവസം പെരിഞ്ഞനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം വൈപ്പിന്‍ ഞാറക്കല്‍ ഭാഗത്ത് കടലില്‍ മുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. വള്ളവും വലയും എന്‍ജിനും കടലില്‍ ആഴ്ന്നുപോയിരിക്കുകയാണ്. മുങ്ങിപ്പോയ വള്ളവും എന്‍ജിനും പൊക്കിയെടുക്കാന്‍ നടപടിയുണ്ടായില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അഴീക്കോട് തീരദേശ പൊലീസ് പലപ്പോഴും രക്ഷകരായി എത്താറുണ്ട്. എന്നാല്‍, കടല്‍ക്ഷോഭം ശക്തിപ്രാപിക്കുമ്പോഴും വന്‍ ദുരന്തങ്ങളുണ്ടാകുമ്പോഴും തീരദേശ പൊലീസിന് പരിമിതിയുണ്ട്. മുനമ്പത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് യൂനിറ്റുണ്ടെങ്കിലും അപകടഘട്ടങ്ങളില്‍ ഫലം ചെയ്യാറില്ല. ചാവക്കാടുള്ള റെസ്ക്യൂ ബോട്ട് അഴീക്കോടും പരിസരങ്ങളിലും നടക്കുന്ന അപകട കേന്ദ്രങ്ങളിലേക്ക് എത്താറുമില്ല. അപകടം പതിവായ അഴീക്കോട് അഴിമുഖത്തുനിന്ന് മണല്‍ത്തിട്ട നീക്കുന്നതോടൊപ്പം പുലിമുട്ട് സ്ഥാപിച്ച് മണല്‍ അടിയുന്നത് ഇല്ലാതാക്കണമെന്നാണ് മറ്റൊരാവശ്യം. കോണ്‍ഗ്രസ് എറിയാട്, ബ്ളോക് കമ്മിറ്റി, ധീവരസഭ, ബി.ജെ.പി തുടങ്ങിയ സംഘടനകളെല്ലാം ഈ ആവശങ്ങളുന്നയിച്ച് രംഗത്തുണ്ട്. അപകടത്തില്‍പെട്ടവര്‍ക്ക് ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാസാമഗ്രികള്‍ അനുവദിക്കുക, മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ദ്രുതകര്‍മ രക്ഷാസേനയെ നിയോഗിക്കുക, അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന വിധം നാവികസേനയുടെ യൂനിറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന ധീവരസഭ മത്സ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം തേടി അടുത്ത മാസം അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് താലൂക്ക് പ്രസിഡന്‍റ് അഡ്വ. ഷാജു നലാശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.