ക്ഷേത്ര പ്രവേശനം സാധ്യമായതിന് മതംമാറ്റ ഭീഷണിയും കാരണം –വൈക്കം വിശ്വന്‍

ചാവക്കാട്: ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചിട്ടില്ളെങ്കില്‍ തങ്ങള്‍ മതം മാറുമെന്ന അയിത്ത ജാതിക്കാരുടെ ഭീഷണിയും കേരളത്തില്‍ ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘നമുക്ക് ജാതിയില്ല, നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നി’ല്ളെന്ന ശ്രീ നാരായണ ഗുരുവിന്‍െറ മഹാവിളംബരത്തിന്‍െറ നൂറാം വാര്‍ഷികം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ബുദ്ധമതവും ജൂതന്‍മാരും ക്രിസ്ത്യാനികളും മുസ്ലിംകളും വന്നപ്പോള്‍ സ്വാഗതം ചെയ്യപ്പെട്ടതിനു ഒരു കാരണം ഒരു വിഭാഗം ഹൈന്ദവ വിശ്വാസികളുടെ തെറ്റായ ചില സമീപനങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ക്ഷേത്ര പ്രവേശവും നടക്കുന്നതിന് മുന്നോടിയായി ഒരു കാരണമുണ്ടായിരുന്നു- ഇനിയും തടഞ്ഞു നിര്‍ത്താനാണ് നോക്കുന്നതെങ്കില്‍ ഇവിടെ ബുദ്ധ മതവും ജൂതമതവും ക്രൈസ്തവരും ഇസ്ലാംമതവുമെല്ലാം നില്‍ക്കുന്നുണ്ട്. ആ മതങ്ങളിലേക്ക് പോകാന്‍ ഞങ്ങള്‍ മടിക്കില്ളെന്ന് അയത്ത ജാതിക്കാര്‍ മുന്നറിയിപ്പ് നല്‍കി. അപ്പോഴാണ് അവരെയെല്ലാം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. പ്രക്ഷോഭങ്ങളും സമരങ്ങളും അതിനെ സഹായിക്കുന്ന സ്ഥിതി ഉണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാതുര്‍വര്‍ണ്യവും സവര്‍ണാധിപത്യവും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരല്ല. അവയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന കാഴ്ചപ്പാടാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, എം.ആര്‍. രാധാകൃഷ്ണന്‍, കെ.ടി. ഭരതന്‍, ചലച്ചിത്ര സംവിധായകന്‍ അനില്‍ പി. നാഗേന്ദ്രന്‍, കെ. പുരുഷോത്തമന്‍, ഷീജ പ്രശാന്ത്, കെ.എച്ച്. സലാം, കെ.കെ. മുബാറക്ക്, പി.വി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.