വന്യമൃഗശല്യം തടയാന്‍ ട്രഞ്ച് നിര്‍മിക്കും –ജില്ലാ വികസന സമിതി

തൃശൂര്‍: പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി, കൊടകര പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലും പരിസരങ്ങളിലും കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം അവസാനിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ട്രഞ്ച് നിര്‍മിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ബി.ഡി. ദേവസി എം.എല്‍.എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വന്യജീവികളുടെ വരവറിയാന്‍ മൊബൈല്‍ അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി കലക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതി തയാറാക്കാന്‍ പുകയിലപ്പാറയിലെ ഭൂഗര്‍ഭ ജല അതോറിറ്റിയോടും കാര്‍ഷിക വിളനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഓഫിസര്‍മാര്‍ക്കും എം.എല്‍.എ നിര്‍ദേശം നല്‍കി. കണ്ണോത്ത്-കാരമുക്ക് കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തിയാക്കി മണലൂര്‍-വെങ്കിടങ്ങ് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ നടപടി വേണമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ ആവശ്യപ്പെട്ടു. ലഹരിപദാര്‍ഥങ്ങളുടെ വില്‍പന തടയാനും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പട്ടികജാതിക്കാരായ രോഗികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക യഥാസമയം നല്‍കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കാന്‍ ജില്ലാ വികസന സമിതി ഇടപെടണമെന്നും ഗീത ഗോപി എം.എല്‍.എ ആവശ്യപ്പെട്ടു.ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലെ പൊതു ഇടങ്ങളിലെ വൈദ്യുതി ചാര്‍ജ് അടക്കാന്‍ തൃശൂര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ചാലക്കുടിയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ധാരണയായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസിനിടെ മഞ്ഞപ്പിത്ത ബാധയുണ്ടായത് അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്ളാനിങ് ഓഫിസര്‍ യു. ഗീത, സഹകരണ മന്ത്രി എ.സി. മൊയ്തീന്‍െറ പ്രതിനിധി ടി.കെ. വാസു, എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.