കൊടകര: വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ അവകാശങ്ങള്‍ കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന ആഹ്വാനത്തോടെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ പ്രധാന പരിപാടികള്‍ ആരംഭിച്ചു. സ്കൂള്‍, കോളജ് വിദ്യാഭ്യാസ മേഖലകളില്‍ മാനേജുമെന്‍റുകള്‍ക്കുള്ള അവകാശങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആമുഖ പ്രഭാഷകനായ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് എല്ലാകാലത്തും സഭ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഇന്നും പല പ്രശ്നങ്ങളും മുന്നിലുണ്ട്. നിലനില്‍പിനും പുരോഗതിക്കും ന്യൂനപക്ഷാവകാശ സംരക്ഷണം അനിവാര്യമാണ്. അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുംവേണ്ടി സഭയുടെ സേവനത്തിന് നിയമങ്ങള്‍ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമ കേന്ദ്രങ്ങള്‍ അടിയന്തരാവശ്യമാണ്. ദലിത്-ആദിവാസികള്‍ക്ക് തുല്യ അവകാശങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടാകണം. ആതുര സേവനത്തില്‍ നൂതന സമീപനം വേണം. പാവപ്പെട്ടവര്‍ക്ക് സൗജന്യമോ ഇളവോടെയോ ചികിത്സ ലഭിക്കാന്‍ സാഹചര്യമൊരുക്കണം. ഭൂമിക്ക് പട്ടയം, വിളകള്‍ക്ക് വില, ജൈവകൃഷിയുടെ പ്രചാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ശ്രദ്ധ വേണം. സഭയില്‍ സ്ത്രീകളുടെ സ്ഥാനം അംഗീകരിക്കപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. കുടുംബങ്ങളില്‍ സ്ത്രീകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് സഭക്കുള്ളത്. ആലോചനാ സമിതികളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്കുണ്ട്. യുവജനങ്ങളുടെ പരിശീലനവും സഭയിലെ പങ്കാളിത്തവും ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം- മാര്‍ ആലഞ്ചേരി പറഞ്ഞു. സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സേവേറിയോസ് കുര്യാക്കോസും ജോസഫ് മാര്‍തോമ മെത്രാപ്പോലീത്തയും സന്ദേശം നല്‍കി. ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്‍റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി. ഫാ. ഡോ. ടോണി നീലങ്കാവില്‍, സിസ്റ്റര്‍ ത്രേസ്യാമ്മ, ഫാ. ഡോ. ജോസ് കുറിയേടത്ത്, അഡ്വ. ജോജി ചിറയില്‍, ഫാ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, പ്രഫ. ലീന ജോസ്, സിസ്റ്റര്‍ പുഷ്പ, ഫാ. ജോസ് കോട്ടയില്‍, ഫാ. ഡോ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രഫ. മേരി റെജീന എന്നിവര്‍ പങ്കെടുത്തു. അസംബ്ളി ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.