വിഷക്കൂണും കഞ്ചാവും വിറ്റ യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മാന്ത്രിക കൂണും (വിഷക്കൂണ്‍) വില്‍പന നടത്തിയയാള്‍ പിടിയില്‍. ചെറുപൊതികളിലാക്കി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ മാപ്രാണം സ്വദേശി തടിയക്കാട്ടില്‍ മായാവി എന്ന സുര്‍ജിത്തിനെ (21) എസ്.ഐ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. കൊടൈക്കനാലില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവും കൂണും പ്രത്യേകം പ്രത്യേകം ചെറുപൊതികളിലാക്കി ‘മാര്‍ലി പാക്ക്’ എന്ന ഓമനപ്പേരില്‍ 700 രൂപക്ക് വില്‍പന നടത്തി വരുമ്പോഴാണ് മായാവി എന്ന സുര്‍ജിത്ത് പൊലീസിന്‍െറ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 30 പാക്കറ്റ് ഇത്തരം പൊതികള്‍ പൊലീസ് കണ്ടെടുത്തു. ഇരിങ്ങാലക്കുട പൊലീസ് നടപ്പാക്കുന്ന ‘സേവ് ഒൗര്‍ ചില്‍ഡ്രന്‍ സേവ് ഒൗര്‍ സൊസൈറ്റി’ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസും അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും സംയുക്തമായി പഠനം നടത്തിയിരുന്നു. പെണ്‍കുട്ടികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ കഞ്ചാവും മാജിക് കൂണും ഉപയോഗിക്കുന്നവരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് കണ്ടത്തെിയെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.എസ്. സുരേഷ്കുമാര്‍ പറഞ്ഞു. കൂണ്‍ ആണ് കൂടുതലായും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത്്. ഉണക്കിയ കൂണ്‍ ചവച്ചരച്ച് നാവിലിട്ട് അലിയിച്ച് ഇറക്കിയാല്‍ കഞ്ചാവിനേക്കാള്‍ വീര്യമുണ്ടാകും. ‘സൈലോ സൈവ’ ഇനത്തില്‍പെട്ട കൂണുകളാണ് ഇത്തരത്തില്‍ കൊടൈക്കനാലില്‍ നിന്നും കൊണ്ടുവരുന്നത്. കഞ്ചാവും മദ്യവും പോലെ മണവും ഇല്ല എന്നതുകൊണ്ട് തന്നെ ഇത് തിരിച്ചറിയാന്‍ പൊലീസിനോ മറ്റുള്ളവര്‍ക്കോ പെട്ടെന്ന് സാധിക്കാത്തതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ കൂടുതലായും ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ആന്‍റി നര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അഡീ. എസ്.ഐ വി.വി. തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, മിഥുന്‍കൃഷ്ണ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും ഇരിങ്ങാലക്കുട എസ്.ഐ എം.ജെ. ജിജോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.