അഴീക്കോട്-മുനമ്പം ജങ്കാര്‍ അഴിമതി: സ്റ്റേ നീക്കി; അന്വേഷണം ഹൈകോടതി മേല്‍നോട്ടത്തില്‍

തൃശൂര്‍: വിവാദമായ അഴീക്കോട്-മുനമ്പം ജങ്കാറിന്‍െറ അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് കണ്ടത്തെിയെന്ന കേസില്‍ അന്വേഷണം തുടരാന്‍ ഹൈകോടതി നിര്‍ദേശം. അന്വേഷണ പുരോഗതി യഥാസമയം അറിയിക്കണമെന്നും ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് പൂര്‍ണാധികാരം നല്‍കിയ കോടതി കുറ്റപത്രം ഹൈകോടതിയില്‍ ഹാജരാക്കിയ ശേഷംമാത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ കെ.വി. ദാസന്‍, സി.സി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഫെബ്രുവരി 18നാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായിരുന്ന എസ്.എസ്. വാസന്‍ ഉത്തരവിട്ടത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ദാസന്‍ ഹൈകോടതിയെ സമീപിച്ചു. ഹരജിയില്‍ ഹൈകോടതി സ്റ്റേ അനുവദിച്ചു. ചൊവ്വാഴ്ച കേസ് പരിഗണിച്ച ഹൈകോടതി സ്റ്റേ ഹരജി നല്‍കുംമുമ്പുതന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു. ജനസേവകര്‍ പൊതുമുതലാണ് നഷ്ടപ്പെടുത്തിയതെന്നും അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടെന്നും കോടതി വ്യക്തമാക്കി. 2009 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അഡ്വ. വിദ്യാ സംഗീത് നല്‍കിയ ഹരജിയിലാണ് അന്വേഷണം. ദാസന്‍, ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന ലീല സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എ.ജെ. വര്‍ഗീസ്, ജങ്കാര്‍ സര്‍വിസ് മുന്‍ കരാറുകാരന്‍ വേണുഗോപാലന്‍ എന്നിവരാണ് പ്രതികള്‍. വിദ്യ സംഗീത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായിരിക്കെയാണ് കമ്മിറ്റിയെ മറികടന്ന് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസനും കരാറുകാരന്‍ വേണുഗോപാലനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികളും ഗിയര്‍ബോക്സ് വാങ്ങുകയും ചെയ്തത്. അറ്റകുറ്റപ്പണിക്കുശേഷവും ജങ്കാര്‍ തകരാറിലായി. അറ്റകുറ്റപ്പണിക്കായി പിന്നീട് കൊച്ചി കപ്പല്‍ശാലയെ ഏല്‍പിച്ചു. കരാറുകാരെ ഒഴിവാക്കി സര്‍വിസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ജില്ലാ പഞ്ചായത്ത് പാലിച്ചില്ളെന്നും വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ളെന്ന ഉദ്ദേശ്യത്തിലാണ് കേന്ദ്ര ഏജന്‍സിയായ കൊച്ചി കപ്പല്‍ശാലയെ ഏല്‍പിച്ചതെന്നും വിദ്യ സംഗീത് ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ രക്ഷിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയെന്ന ആക്ഷേപത്തില്‍ നേരത്തേ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുള്‍പ്പെടുന്ന സംഘത്തിനെതിരെയും അന്വേഷണം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.